മെഡിക്കൽ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം…. ദുരൂഹതകൾ ബാക്കിവെച്ച് പോലീസ് അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ ദുരൂഹതകൾക്കൊടുവിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. കണ്ടെത്തിയ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ അക്കാദമിക് ആവശ്യങ്ങൾക്കായി ഉപയോഗിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ് കേസ് ഫയൽ ക്ലോസ് ചെയ്യുന്നത്. എന്നാൽ, ഈ മൃതദേഹം ചവർകൂനയിൽ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരു മാസം മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തെ മാലിന്യക്കൂമ്പാരത്തിൽ ആറ് മാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് തലസ്ഥാനത്ത് വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹ്യ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പോലീസ് അന്വേഷണം അവസാനിപ്പിക്കാൻ കാരണമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെടുത്ത നവജാതശിശുവിന്റെ ശരീരത്തിൽ ആന്തരിക അവയവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് സാധാരണയായി പഠന ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്ന ശരീരങ്ങളിലാണ് കാണാറുള്ളത്. മൃതദേഹത്തിന് വലിയ തോതിലുള്ള കാലപ്പഴക്കം ഉണ്ടെന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് സ്വാഭാവിക മരണമോ കൊലപാതകമോ ആകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ്.എ.ടി ആശുപത്രി അധികൃതർ ഈ വിഷയത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ആശുപത്രികളിൽ ഇത്തരത്തിൽ നവജാതശിശുക്കളുടെ ശരീരം സൂക്ഷിക്കാറില്ലെന്ന വിശദീകരണമാണ് അധികൃതർ പോലീസിനും ഔദ്യോഗികമായി നൽകിയ മൊഴി.

അതേസമയം, അക്കാദമിക് ആവശ്യങ്ങൾക്കായി മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കൾ എവിടെനിന്നെങ്കിലും കടിച്ചുവലിച്ച് ചവർകൂനയിൽ കൊണ്ടിട്ടതാകാം എന്നാണ് ആശുപത്രി അധികൃതരുടെ അനൗദ്യോഗിക പ്രതികരണം. എന്നാൽ, അതീവ സുരക്ഷയുള്ള മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലേക്ക് ഇത്രയും കാലപ്പഴക്കമുള്ള ഒരു മൃതദേഹം എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് കൃത്യമായ ഒരു മറുപടി നൽകാൻ പോലീസിനോ അധികൃതർക്കോ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിക്കുമ്പോഴും പൊതുജനമധ്യത്തിൽ വലിയൊരു ചോദ്യചിഹ്നമായി ഈ ദുരൂഹത അവശേഷിക്കുകയാണ്.

Related Articles

Back to top button