കേരള നിയമസഭാ ചരിത്രത്തിൽ ആദ്യം…. സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎയും മത്സരിക്കുന്നു…. ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ പോരാട്ടത്തിനൊരുങ്ങി എൻഡിഎ. ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബി.ബി. ഗോപകുമാറാണ് ബിജെപിയുടെയും എൻഡിഎയുടെയും സ്പീക്കർ സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച് ബി.ബി. ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് ഔദ്യോഗികമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതോടെ ഇത്തവണത്തെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. യുഡിഎഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫ് സ്ഥാനാർത്ഥിയായി എ.സി. മൊയ്തീനും സ്പീക്കർ പദവിയിലേക്ക് മത്സരിക്കുന്നുണ്ട്.
ഇത്തവണത്തെ നിയമസഭയിൽ ബിജെപിക്ക് മൂന്ന് എംഎൽഎമാരാണുള്ളത്. മൂവരും ഇന്ന് നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭയിലെ 33-ാമനായാണ് ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ സത്യപ്രതിജ്ഞ ചെയ്തത്. 64-ാമനായാണ് മുതിർന്ന നേതാവായ വി. മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തത്. 83-ാമനായാണ് രാജീവ് ചന്ദ്രശേഖർ സഭയിൽ സത്യപ്രതിജ്ഞ ചെയ്തത്. പാർട്ടിയുടെ ദീർഘകാലത്തെ പ്രവർത്തനത്തിന്റെയും താഴെത്തട്ടിലുള്ള അധ്വാനത്തിന്റെയും ഫലമായാണ് തങ്ങൾ സഭയിലെത്തിയതെന്നും, വോട്ട് നൽകിയ 30 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആവശ്യങ്ങൾക്കായി സഭയ്ക്കുള്ളിൽ ശക്തമായി പ്രവർത്തിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
നേരത്തെ, തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബിജെപി എംഎൽഎമാർ നിയമസഭയിലേക്ക് എത്തിയത്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ സംസ്ഥാന നേതാക്കളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ വൻ പ്രകടനമായാണ് ബിജെപി പ്രതിനിധികൾ സത്യപ്രതിജ്ഞ ചടങ്ങിനായി നിയമസഭാ മന്ദിരത്തിലേക്ക് നീങ്ങിയത്.



