കാറില്ലാത്തവന് സീറ്റ് ബെൽറ്റ് പെറ്റി… തെറ്റായ ട്രാഫിക് ചലാൻ വന്നാൽ എങ്ങനെ ‘ഊരാം’? വഴി പറഞ്ഞുതന്ന് കേരള പോലീസ്

“കാറില്ലാത്ത എനിക്ക് സീറ്റ് ബെൽറ്റ് ഇടാത്തതിന് പെറ്റിയടിച്ചു”, “ഹെൽമെറ്റ് വച്ച് മാത്രം വണ്ടിയോടിക്കുന്ന എനിക്ക് ഹെൽമെറ്റില്ലാത്തതിന് പിഴ”, “ഈ വണ്ടി എന്റേതല്ല, ഇതിലുള്ളത് ഞാനുമല്ല… എന്നിട്ടും പെറ്റി” – ഇത്തരം പരാതികൾ നിങ്ങളോ നിങ്ങളുടെ പരിചയക്കാരോ പറഞ്ഞു കേട്ടിട്ടുണ്ടാകും. ക്യാമറക്കണ്ണുകൾക്ക് എപ്പോഴെങ്കിലും തെറ്റുപറ്റി ഇത്തരത്തിൽ വ്യാജ ചലാനുകൾ നിങ്ങളുടെ മൊബൈലിൽ വന്നാൽ എന്തുചെയ്യും? ഇതിന്റെ പിന്നാലെ നടന്ന് സമയം കളയേണ്ടി വരുമോ എന്ന് ഭയക്കേണ്ടതില്ല. തെറ്റായ പെറ്റി വന്നാൽ അത് അടയ്ക്കാതെ സിമ്പിളായി രക്ഷപ്പെടാനും പരാതി നൽകാനുമുള്ള മാർഗ്ഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.
ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പോലീസ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. തെറ്റായ ചലാൻ വന്നാൽ രക്ഷപ്പെടാൻ ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:
- ആദ്യം നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചലാൻ സന്ദേശം സർക്കാരിന്റെ അംഗീകൃത പോർട്ടലിൽ നിന്നുള്ളതാണോ എന്ന് ഉറപ്പുവരുത്തുക. ചലാനിലുള്ള വാഹന നമ്പർ, തീയതി, സ്ഥലം എന്നിവ നിങ്ങളുടേത് തന്നെയാണോ എന്ന് കൃത്യമായി പരിശോധിക്കുക.
- ലഭിച്ച ചലാൻ തെറ്റാണെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കിൽ പരിവാഹൻ പോർട്ടൽ (Parivahan Portal) വഴി നിങ്ങൾക്ക് ഓൺലൈനായി തന്നെ പരാതി നൽകാം. പരിവാഹൻ വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ലഭിച്ച ചലാൻ നമ്പർ നൽകുക. തുടർന്ന് അവിടെ കാണുന്ന ‘രജിസ്റ്റർ ഗ്രീവൻസ്’ (Register Grievance) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
- നിങ്ങളുടെ പരാതി സാധൂകരിക്കുന്നതിനായി നിങ്ങളുടെ കൈവശമുള്ള ഫോട്ടോകളോ വീഡിയോകളോ (ഉദാഹരണത്തിന്: ചലാൻ വന്ന സമയത്ത് വാഹനം മറ്റൊരിടത്തായിരുന്നു എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളോ ചിത്രങ്ങളോ) തെളിവായി അപ്‌ലോഡ് ചെയ്യാവുന്നതാണ്.
ഇനി മുതൽ ഇത്തരം അപ്രതീക്ഷിത പെറ്റികൾ കണ്ട് ആരും ഭയപ്പെടേണ്ടതില്ലെന്നും കൃത്യമായ വഴിയിലൂടെ പരാതി നൽകിയാൽ പിഴയൊടുക്കാതെ തന്നെ ഇതിൽ നിന്ന് ഒഴിവാകാമെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു.



