ഇന്ത്യൻ ജെൻസി പിള്ളേരുടെ ‘കോക്രോച്ച് ജനതാ പാർട്ടി’…. സിസ്റ്റത്തിന്റെ ഉറക്കം കെടുത്തുന്ന പുതിയ ഡിജിറ്റൽ വിപ്ലവം

ഇന്ത്യൻ സോഷ്യൽ മീഡിയയെ മൊത്തമായി ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റൽ രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ടിരിക്കുകയാണ്. കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി (Cockroach Janta Party – CJP). ഇതൊരു വെറും കുട്ടിക്കളിയോ തമാശ ട്രോളോ അല്ല, മറിച്ച് ഇന്ത്യൻ ജെൻസി യുവാക്കൾ ഏറ്റെടുത്ത, ഭരണകൂട വ്യവസ്ഥിതികളുടെ ഉറക്കം കെടുത്തുന്ന ശക്തമായ ഒരു പൊളിറ്റിക്കൽ മൂവ്മെന്റായാണ് ഈ ഡിജിറ്റൽ കൂട്ടായ്മ അടയാളപ്പെടുത്തപ്പെടുന്നത്.
സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശമാണ് സിജെപിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. വ്യാജ ബിരുദങ്ങൾ കാണിച്ച് ആക്ടിവിസവും ജേണലിസവും നടത്തുന്ന ചില യുവാക്കളെ അദ്ദേഹം ‘പാറ്റകളോട്’ ഉപമിച്ചിരുന്നു. തൊഴിലില്ലാത്ത ഒരു കൂട്ടം യുവാക്കളാണ് ആക്ടിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
തൊഴിലില്ലായ്മയും പരീക്ഷാ തട്ടിപ്പുകളും കാരണം രാജ്യം മുഴുവൻ യുവാക്കൾ ബുദ്ധിമുട്ടുമ്പോൾ, തങ്ങളെ ഒന്നടങ്കം അപമാനിക്കുന്ന രീതിയിലാണ് യുവതലമുറ ഈ പരാമർശത്തെ കണ്ടത്.
മുൻ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ അഭിജിത് ദിപ്കെ (30) എന്ന യുവാവ് ഉയർത്തിയ ഈ ചോദ്യമാണ് വഴിത്തിരിവായത്. 2026 മേയ് 16-ന് അദ്ദേഹം ‘Cockroach Janta Party’ എന്ന പേരിൽ പേജും വെബ്സൈറ്റും തുടങ്ങി. സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും രാജ്യത്തെ യുവാക്കളെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും യുവത ഈ പ്രസ്ഥാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക്! ‘Voice of the Lazy & Unemployed’ (മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം) എന്ന ടാഗ് ലൈനോടെയാണ് സിജെപി സോഷ്യൽ മീഡിയയിൽ കളം നിറയുന്നത്. പാർട്ടി തുടങ്ങി മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് യുവാക്കളാണ് ഇവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ അംഗത്വമെടുത്തത്. നിലവിൽ ഈ അംഗസംഖ്യ ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക് കുതിക്കുകയാണ്. വെറുമൊരു സോഷ്യൽ മീഡിയ ട്രെൻഡ് എന്നതിനപ്പുറം മഹുവ മൊയ്ത്ര അടക്കമുള്ള മുഴുവൻ സമയ രാഷ്ട്രീയക്കാരും പ്രമുഖരും ഇതിനോടകം തന്നെ ഈ ഡിജിറ്റൽ പ്രസ്ഥാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു എന്നത് ഇതിന്റെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന പ്രക്ഷോഭമായി സിജെപി മാറുമെന്നാണ് വിലയിരുത്തലുകൾ.



