ഉദ്യോഗാർത്ഥികൾക്ക് വൻ ആശ്വാസം…. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി… ‘വിഷൻ 2031’ കര്‍മ്മപരിപാടി ജൂൺ 1 മുതൽ

തിരുവനന്തപുരം: ജോലി കാത്തിരിക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനം. ഈ വരുന്ന ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന സംസ്ഥാനത്തെ എല്ലാ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. കാലാവധി നീട്ടുന്നത് സംബന്ധിച്ച് പിഎസ്സിക്ക് സർക്കാർ ഔദ്യോഗികമായി ശിപാർശ നൽകും. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ ആശങ്കയിലായിരുന്ന ഉദ്യോഗാർത്ഥികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ അടിയന്തര നടപടി.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കാൻ മന്ത്രിസഭാ യോഗം പ്രത്യേക പദ്ധതിക്ക് രൂപം നൽകി. ‘വിഷൻ 2031’ എന്ന പേരിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങൾ അതാത് മന്ത്രാലയങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടുണ്ട്. സർക്കാരിന്റെ കാലാവധി തീരുന്നതിന് മുൻപ് തന്നെ എല്ലാ വാഗ്ദാനങ്ങളും പൂർത്തിയാക്കും. ഇതിൽ അതിവേഗത്തിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾക്കായി വരുന്ന ജൂൺ ഒന്നു മുതൽ പ്രത്യേക കർമ്മപരിപാടിക്ക് തുടക്കമിടും.



