ശബരിമലയിൽ ഗണപതിഹോമത്തിന്റെ പേരിലും തട്ടിപ്പ്…. ഒരു ഹോമത്തിന് 50 രൂപ വീതം മാറ്റിവെക്കുന്നു…. വിജിലൻസ് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയിലെ പൂജാസാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് ആരോപണങ്ങളിൽ പുതിയ കണ്ടെത്തലുകളുമായി ദേവസ്വം വിജിലൻസ്. സന്നിധാനത്ത് പുലർച്ചെ നടത്തുന്ന ഗണപതിഹോമത്തിലും വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് വിജിലൻസിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഒരു ഗണപതിഹോമത്തിന് 50 രൂപ വീതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ നിയമവിരുദ്ധമായി എഴുതിയെടുക്കുന്നു എന്നാണ് കണ്ടെത്തൽ. വഴിപാടിന് ആവശ്യമായ അവൽ, മലർ, ശർക്കര, നെയ്യ്, കൊപ്ര, തേൻ തുടങ്ങിയ സാധനങ്ങൾ സൗജന്യമായി ഭക്തരിൽ നിന്നും മറ്റും ലഭിക്കുന്നവയിൽ നിന്ന് മാറ്റി വെച്ചാണ് ഈ ക്രമക്കേട് നടത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സന്നിധാനത്തെ കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നതിന് മുൻപ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയ കൊല്ലം സ്വദേശിയായ വ്യവസായി സുനിൽകുമാർ (സുനിൽ സ്വാമി) വാങ്ങി നൽകുന്ന പൂജാസാധനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ ഗണപതിഹോമം നടത്തുന്നതെന്നും വിജിലൻസ് ആരോപിക്കുന്നു. ഭക്തർ വെവ്വേറെ രസീത് എഴുതി നടത്തുന്ന ഓരോ ഗണപതിഹോമത്തിനും ഒന്നിച്ച് പൂജ നടത്തുമ്പോൾ യഥാർത്ഥത്തിൽ ചെലവ് കുറയേണ്ടതല്ലേ എന്ന ചോദ്യമാണ് വിജിലൻസ് ഉയർത്തുന്നത്. എന്നാൽ ദേവസ്വം ബോർഡ് എടുത്ത ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സുനിൽ സ്വാമി പൂജാസാധനങ്ങൾ നൽകുന്നതെന്നാണ് ജീവനക്കാരുടെ വാദം.
അതേസമയം, വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന നിലപാടിലാണ് ദേവസ്വം ജീവനക്കാർ. ക്ഷേത്രങ്ങളിലെ വഴിപാടുമായി ബന്ധപ്പെട്ട് വാങ്ങേണ്ട സാധനങ്ങളുടെ അളവും ക്രമവും ദേവസ്വം മാന്വലിൽ കൃത്യമായി പറയുന്നുണ്ടെന്നും, അതിന് വിരുദ്ധമായി ശബരിമലയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിൽ, കോടതിയിൽ കൃത്യമായ വിശദാംശങ്ങൾ ബോധിപ്പിക്കുമെന്നതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.




