ഭൂമിക്കപ്പുറം ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളിൽ പുതിയ വഴിത്തിരിവ്

ഭൂമിക്കപ്പുറം ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശാസ്ത്രീയ ശ്രമങ്ങൾക്ക് പുതിയ ദിശ നൽകുന്ന പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേലിലെ വീസ്‍മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. ഗിഡിയോൺ യോഫെയുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച പുതിയ ഗവേഷണം, ബയോസിഗ്നേച്ചറുകൾ തിരിച്ചറിയുന്ന രീതിയിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

ദശകങ്ങളായി ശാസ്ത്രജ്ഞർ അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങിയ രാസഘടകങ്ങളുടെ സാന്നിധ്യത്തെ അടിസ്ഥാനമാക്കി ജീവന്റെ തെളിവുകൾ തേടുകയായിരുന്നു. എന്നാൽ ഇത്തരം അണുക്കൾ ജീവരഹിത രാസപ്രക്രിയകളിലൂടെയും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, അവയെ മാത്രം ആശ്രയിക്കുന്നത് വിശ്വസനീയമല്ലെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

പുതിയ സമീപനം അണുക്കളുടെ സാന്നിധ്യം മാത്രമല്ല, അവയുടെ ക്രമീകരണ രീതിയും വൈവിധ്യവുമാണ് പരിശോധിക്കുന്നത്. ആസ്റ്ററോയിഡുകൾ, മീറ്റിയറൈറ്റുകൾ, മണ്ണ്, ഫോസിലുകൾ, സൂക്ഷ്മജീവികൾ എന്നിവ ഉൾപ്പെടെ ഏകദേശം 100-ഓളം സാമ്പിളുകളിലാണ് പഠനം നടത്തിയത്. ഫലങ്ങൾ നാച്ച്വറൽ ആസ്‍ട്രോണമിയിൽ പ്രസിദ്ധീകരിച്ചു.

ജീവജാലങ്ങൾ സൃഷ്ടിക്കുന്ന അമിനോ ആസിഡുകൾ ഉയർന്ന വൈവിധ്യവും ക്രമബദ്ധമായ വിതരണവും കാണിക്കുന്നതായി ഗവേഷകർ കണ്ടെത്തി. അതേസമയം ഫാറ്റി ആസിഡുകൾ കുറവ് വൈവിധ്യവും അസമമായ ഘടനയും പ്രകടിപ്പിച്ചു. ഈ വ്യത്യാസം ജീവന്റെ സാന്നിധ്യം തിരിച്ചറിയാൻ ശക്തമായ ശാസ്ത്രീയ സൂചനയായി മാറാമെന്നാണ് വിലയിരുത്തൽ.

ഫോസിലുകളിൽ പോലും നിലനിൽക്കുന്ന അടയാളങ്ങൾ

കാലക്രമേണ നശിച്ച സാമ്പിളുകളിലും ഈ പ്രത്യേക രാസപാറ്റേൺ നിലനിൽക്കുന്നതായി കണ്ടെത്തിയതാണ് പഠനത്തിന്റെ പ്രധാന ശക്തി. ദിനോസർ മുട്ടകളിലെ ഫോസിലുകളിൽ പോലും ജീവന്റെ രാസഘടനയുടെ സൂചനകൾ കണ്ടെത്താൻ സാധിച്ചതോടെ, പുരാതന സൂക്ഷ്മജീവികളുടെ തെളിവുകൾ കണ്ടെത്താൻ പുതിയ രീതിക്ക് സാധ്യത വർധിച്ചു.

ചൊവ്വയിലേക്കും യൂറോപ്പയിലേക്കും പ്രതീക്ഷ

ഭൂമിക്ക് പുറത്തുള്ള ജീവന്റെ അന്വേഷണത്തിൽ ഈ രീതി നിർണായകമാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പ്രത്യേകിച്ച് ചൊവ്വയിൽ പുരാതന ജലസാന്നിധ്യവും ജീവയോഗ്യമായ അന്തരീക്ഷവും ഉണ്ടായിരുന്നുവെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ ഈ പഠനം ഏറെ പ്രസക്തമാണ്.

കൂടാതെ, കാലക്രമേണ കേടുപാടുകൾ സംഭവിച്ച സാമ്പിളുകളിലും ഈ പ്രത്യേക പാറ്റേണുകൾ നിലനിൽക്കുന്നതായി പഠനം തെളിയിച്ചു. ദിനോസർ മുട്ടകളിൽ നിന്നുള്ള ഫോസിലുകളിലും ജീവപരമായ രാസഘടനയുടെ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചതോടെ, ഒരിക്കൽ ജീവന് അനുയോജ്യമായ അന്തരീക്ഷം ഉണ്ടായിരുന്നു എന്ന് കരുതുന്ന ചൊവ്വയിൽ പുരാതന സൂക്ഷ്‍മജീവികളുടെ തെളിവുകൾ കണ്ടെത്താൻ ഈ രീതി സഹായിക്കാമെന്ന പ്രതീക്ഷയും ശക്തമായി.

അതേസമയം, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയെ ലക്ഷ്യമാക്കി മുന്നേറുന്ന യൂറോപ്പ ക്ലിപ്പർ (Europa Clipper) ദൗത്യത്തിനും ഈ കണ്ടെത്തൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. മഞ്ഞുപാളികളുടെ അടിയിൽ ഭൂമിയിലെ സമുദ്രങ്ങളെക്കാൾ ഇരട്ടിയിലധികം ജലമുള്ളതായി കരുതപ്പെടുന്ന യൂറോപ്പ, ജീവന്റെ സാധ്യത തേടുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്.

2030–31 കാലയളവിൽ യൂറോപ്പയിൽ എത്തുമെന്ന പ്രതീക്ഷയുള്ള ഈ ദൗത്യത്തിൽ, ഐസ് കണങ്ങൾ വിശകലനം ചെയ്യുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് പുതിയ ബയോസിഗ്നേച്ചർ രീതി പരീക്ഷിക്കാനാണ് ശാസ്ത്രലോകത്തിന്റെ പദ്ധതി.

Related Articles

Back to top button