കൊറിയർ വഴി ‘പാഴ്സലായി’ മാരക ലഹരിമരുന്ന്…. കൊല്ലത്ത് 101 ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ

കൊല്ലം: കൊറിയർ സർവീസ് വഴി മാരക രാസലഹരിമരുന്നായ എം.ഡി.എം.എ (MDMA) കടത്തിയ യുവാവ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. പട്ടത്താനം മൈത്രി നഗർ-23, ശാന്ത ഭവനത്തിൽ വിഷ്ണുലാൽ (25) ആണ് സിറ്റി ഡാൻസാഫ് (DANSAF) സംഘത്തിന്റെ വലയിലായത്. ഇയാളിൽ നിന്ന് വാണിജ്യ അളവിലുള്ള 101.07 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.

കൊല്ലം നഗര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൊറിയർ വഴി വ്യാപകമായി ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി വിഷ്ണുലാൽ ഡാൻസാഫ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും കൊല്ലം ഓലയിൽകടവിലുള്ള സുഹൃത്തിന്റെ വിലാസത്തിലേക്ക് വിഷ്ണുലാൽ പാഴ്സൽ അയച്ചിട്ടുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതോടെയാണ് തൊണ്ടിസഹിതം പ്രതിയെ പിടികൂടാൻ പോലീസ് കെണിയൊരുക്കിയത്.

കൊല്ലം കടപ്പാക്കടയിൽ ബസിൽ വന്നിറങ്ങിയ വിഷ്ണുലാലിനെ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായി കസ്റ്റഡിയിലെടുത്തു. തുടർന്ന് ഓലയിൽകടവിലുള്ള സുഹൃത്തിന്റെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പാഴ്സലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 101.07 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ചും, ഇതിന് പിന്നിൽ മറ്റ് വൻകിട ലഹരിമാഫിയ കണ്ണികളുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ്.ഐമാരായ മിഥുൻ, കണ്ണൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലം സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button