കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ…. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനം

ആലപ്പുഴ: എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി നിയുക്ത അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. തികച്ചും സൗഹൃദപരമായ സന്ദര്‍ശനമാണിതെന്നും മന്ത്രി പദവിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ജി. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ സ്ഥാനങ്ങൾ ഒന്നും തന്നെ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജി. സുധാകരൻ വ്യക്തമാക്കി. മുമ്പും മന്ത്രിയായത് ആവശ്യപ്പെട്ടിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി വേണുഗോപാലിനെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സംഘടിത ശക്തിയുണ്ടാകാമെന്നും ആര് ചെയ്താലും സൈബർ ആക്രമണങ്ങൾ ശരിയല്ലെന്നും സുധാകരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത ഭാഷയിലാണ് ജി. സുധാകരൻ വിമർശനം ഉന്നയിച്ചത്.

“വെള്ളാപ്പള്ളി നടേശൻ നേരത്തെ മുതല്‍ക്കേ മുസ്‌ലിം വിരുദ്ധത പറയുന്നയാളാണ്. എന്നാൽ മുസ്‌ലിം ലീഗ് ഒരു മതേതര പാര്‍ട്ടിയാണ്. വെള്ളാപ്പള്ളി ഇന്നലെ വരെ എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നാണ് പറഞ്ഞത്, നാളെ അദ്ദേഹം എന്തുപറയുമെന്ന് ആര്‍ക്കറിയാം? വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കണ്ടത് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മാത്രമാണ്. അദ്ദേഹം പറയുന്നത് കേട്ടല്ല മുസ്‌ലിങ്ങള്‍ വോട്ട് ചെയ്യുന്നത്. അമ്പലപ്പുഴയിൽ ഭൂരിപക്ഷം മുസ്‌ലിം വോട്ടുകളും എനിക്കാണ് കിട്ടിയത്, അത് ആ ജനതയ്ക്ക് നന്നായി അറിയാം.” — ജി. സുധാകരൻ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും സുധാകരൻ പരാമർശിച്ചു. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയേക്കാമെന്നും ഇപ്പോള്‍ അവർക്ക് മൂന്ന് എം.എല്‍.എമാരുണ്ടെന്നും വോട്ട് വിഹിതം കൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യയിൽ 10 വര്‍ഷം കഴിഞ്ഞാല്‍ ഇൻഡ്യാ മുന്നണി അധികാരത്തിൽ വരും. ഇന്ന് കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ അന്ന് എന്തു പറയുമെന്നും ജി. സുധാകരന്‍ ചോദിച്ചു.

Related Articles

Back to top button