കാർ നടപ്പാടയിലേക്ക് ഇടിച്ചുകയറ നവദമ്പതികൾക്ക് പരിക്കേറ്റ സംഭവം; പ്രിയതമയുടെ മരണം അറിയാതെ ആഷികും യാത്രയായി

കവടിയാറിൽ നടപ്പാതയിലൂടെ നടക്കുകയായിരുന്ന നവദമ്പതികളെ പാഞ്ഞുവന്ന കാർ ഇടിച്ചുകയറിയ സംഭവത്തിൽ ചികിത്സയിലായിരുന്ന നവവരനും മരിച്ചു. പാലക്കാട് സ്വദേശി കൊടുവായൂർ പിട്ടുപീടികയിൽ നിജാമുദ്ദീൻ മകൻ 29 കാരനായ ആഷിക് സാനു ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്നലെ രാവിലെ 6.30ന് ആയിരുന്നു മരണം. കബറടക്കം ഇന്ന് രാവിലെ 9ന് കൊടുവായൂർ ഹനഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഇക്കഴിഞ്ഞ 8ന് രാവിലെയാണ് കവടിയാർ കുറവൻകോണം റോഡിൽ നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവദമ്പതികളായ ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ഗുരുതര പരുക്കേറ്റത്. നൗഷിജ അപകട ദിവസം തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആഷിക്കിന്റെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം നടന്നിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ആഷിക് മടങ്ങാൻ നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ഇന്നലെ. ആഷിക്കിന്റെ ഉമ്മ ഖദീജ. സഹോദരൻ അജ്മൽ.

മധുവിധു യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ നവവധു നൗഷിജ മരിച്ചതിനു പിന്നാലെ ഭർത്താവ് ആഷിക്കും മരണത്തിനു കീഴടങ്ങിയതോടെ ദുഃഖത്തിലാണ്ട് നാട്.

കൊടുവായൂർ പിട്ടുപ്പീടിക കുരുടൻകൊളുമ്പിൽ നിജാമുദ്ദീന്റെയും ഖദീജയുടെയും മകൻ ആഷിക് (29) തിരുവനന്തപുരത്തു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെ മരിച്ചത്. അപകടത്തിൽ ആദ്യം മരിച്ചത് ആഷിക്കിന്റെ ഭാര്യ നൗഷിജ (24) ആയിരുന്നു. പൊൽപുള്ളി വേർകോലി സ്വദേശിനിയായ നൗഷിജയും ആഷിക്കും മാർച്ച് 28നാണ് വിവാഹിതരായത്. ദുബായിൽ ജോലി ചെയ്യുകയായിരുന്ന ആഷിക് വിവാഹശേഷം ഇന്നലെ മടങ്ങാനിരുന്നതാണ്. എന്നാൽ മധുവിധു യാത്ര ജീവിതത്തിന്റെ അവസാന യാത്രയായി.

നടപ്പാതയിലൂടെ നടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവർക്കും പരുക്കേറ്റെന്ന വിവരം മാത്രമാണ് ആദ്യം ബന്ധുക്കളെ അറിയിച്ചത്. പിന്നാലെ നൗഷിജയുടെ മരണവിവരം എത്തി. ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആഷിക്. ഭാര്യയുടെ മരണം അറിയാതെയായിരുന്നു ആഷിക്കിന്റെ അവസാന നിമിഷങ്ങൾ. പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളുമായി യാത്ര തിരിച്ച യുവ ദമ്പതികളുടെ വേർപാട് കൊടുവായൂരിനു തീരാവേദനയായി.

Related Articles

Back to top button