സെമികണ്ടക്ടർ, ഊർജ്ജ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ….. പ്രധാനമന്ത്രിയുടെ നെതർലാൻഡ്‌സ് സന്ദർശനം ആരംഭിച്ചു

യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന നെതർലാൻഡ്‌സ് സന്ദർശനത്തിന് തുടക്കമായി. സെമികണ്ടക്ടർ സാങ്കേതികവിദ്യ, ഊർജ്ജം, വ്യാപാരം, പ്രതിരോധം എന്നീ സുപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് ഈ സന്ദർശനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.സന്ദർശനത്തിന്റെ ഭാഗമായി നെതർലാൻഡ്‌സ് വില്ലെം-അലക്‌സാണ്ടർ രാജാവ്, മാക്‌സിമ രാജ്ഞി എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ലക്ഷ്യമിട്ട് വിവിധ സുപ്രധാന ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. തുടർന്ന് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. സെമികണ്ടക്ടർ സാങ്കേതികവിദ്യയുടെ ആഗോള ഹബ്ബായ നെതർലാൻഡ്‌സുമായുള്ള വ്യാപാര പങ്കാളിത്തത്തിന് ഈ ചർച്ചകൾ ഏറെ നിർണ്ണായകമാകും.ഹേഗിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ പ്രവാസ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ വികസന അഭിലാഷങ്ങൾ രാജ്യത്തിന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം പ്രവാസികളോട് പറഞ്ഞു. സാങ്കേതിക മുന്നേറ്റത്തിലും സാമ്പത്തിക വളർച്ചയിലും ആഗോളതലത്തിൽ ഇന്ത്യ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ആംസ്റ്റർഡാം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഡച്ച് വിദേശമന്ത്രി ടോം ബെറെൻഡ്‌സെൻ, റിയർ അഡ്മിറൽ ലഡ്ജർ ബ്രൂമേലർ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വിമാനത്താവളത്തിന് പുറത്ത് വൻതോതിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹവും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. രണ്ട് ദിവസത്തെ നെതർലാൻഡ്‌സ് സന്ദർശനത്തിന് ശേഷം സ്വീഡൻ, ഇറ്റലി, സ്‌കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിക്കുക.

Related Articles

Back to top button