വ്യാജ പ്രചാരണത്തിനെതിരെ ഫിറോസ്…

സ്റ്റോപ്പ് ഇല്ലാത്ത ഇടത്ത് ബസ് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ച യുവതി തന്റെ ബന്ധുവാണ് എന്ന തരത്തില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ നിയുക്ത എംഎല്‍എ പി കെ ഫിറോസ്. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കള്‍ക്ക് ഒരു മാറ്റവുമില്ലെന്നും ഏതോ ബസിന്റെ ചില്ല് പൊട്ടിച്ചത് തന്റെ ബന്ധുവാണ് എന്നാണ് പുതിയ പ്രചാരണം എന്നും പി കെ ഫിറോസ് പറഞ്ഞു.
ഇത്രയും വലിയ തോല്‍വി തെരഞ്ഞെടുപ്പില്‍ നേരിട്ടിട്ടും ഇവരെന്തായിരിക്കും പാഠം പഠിക്കാത്തതെന്ന് ചോദിച്ച ഫിറോസ്, അതുകൊണ്ടാണല്ലോ അവരെ സഖാക്കള്‍ എന്ന് വിളിക്കുന്നത് എന്നും പരിഹസിച്ചു. കൊടുവളളി സഖാക്കള്‍, റെഡ് ആര്‍മി, യുവധാര തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വൈറലായ വീഡിയോയിലെ യുവതി പി കെ ഫിറോസിന്റെ സഹോദരീ പുത്രിയാണെന്ന തരത്തിൽ വ്യാജ പ്രചാരണമുണ്ടായത്.
പി കെ ഫിറോസിന്റെ സഹോദരി പുത്രി കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം കാട്ടിയതിന് 25,000 രൂപ പിഴ അടച്ച് കേസില്‍ നിന്നും ഒഴിവായെന്നും യുഡിഎഫ് ഭരണത്തില്‍ മുസ്‌ലിം ലീഗിന് എന്ത് തോന്ന്യാസവും ആകാമെന്നാണോ എന്നുമെല്ലാം ചോദിച്ചാണ് യുവതിയുടെ ചിത്രങ്ങളുള്‍പ്പെടെ വെച്ചുളള പ്രചാരണം.



