ഒഎൻവി സാഹിത്യ പുരസ്കാരം എം മുകുന്ദന്

ഒഎൻവി സാഹിത്യ പുരസ്കാരം എം മുകുന്ദന്. 2026ലെ ഒഎൻവി സാഹിത്യ പുരസ്കാരത്തിനാണ് കഥാകൃത്തും നോവലിസ്റ്റുമായ എം മുകുന്ദൻ അർഹനായത്. എല്ലാ വർഷവും ഒഎൻവി കൾച്ചറൽ അക്കാദമി നൽകിവരുന്ന അവാർഡാണ് ഒഎൻവി സാഹിത്യ പുരസ്കാരം. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് ഈ പുരസ്കാരം.
ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ എന്നിവരുൾപ്പെടുന്നതായിരുന്നു അവാർഡ് ജൂറി. ഇവർ ഏകകണ്ഠമായാണ് മുകുന്ദനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതിൽ നടുനായകനായി നിന്ന സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസിൽ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദൻ മലയാളത്തിന്റെ, അതിലുപരി രാജ്യത്തിന്റെ തന്നെ അതിപ്രമുഖ കഥാകാരന്മാരുടെ നിരയിൽ സ്ഥാനം നേടി.
സാഹിത്യരംഗത്തെ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയാണ് എം മുകുന്ദനെന്നും ജൂറി വിലയിരുത്തി. ഒഎൻവിയുടെ 95ാമത് ജന്മവാർഷിക ദിനമായ മേയ് 27ന് വൈകുന്നേരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ ആണ് പുരസ്കാരം എം മുകുന്ദന് കൈമാറുന്നത്.
1942-ൽ ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയിൽ ആണ് എം മുകുന്ദന്റെ ജനനം. 1961-ൽ ആണ് അദ്ദേഹത്തിന്റെ ആദ്യകഥ പുറത്തുവന്നത്. ഈ ലോകം, അതിലൊരു മനുഷ്യൻ എന്ന സാഹിത്യസൃഷ്ടിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം.പി. പോൾ അവാർഡും മുട്ടത്തുവർക്കി അവാർഡും ദൈവത്തിന്റെ വികൃതികൾ സാഹിത്യ അക്കാദമി അവാർഡും എൻ.വി. പുരസ്കാരവും നേടി. സാഹിത്യരംഗത്തെ സംഭാവനകളെ മുൻനിർത്തി ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ അവാർഡ് (1998). ഡൽഹിയിൽ ഫ്രഞ്ച് എംബസ്സിയിൽ ഉദ്യോഗസ്ഥനായിരുന്നു. കേശവന്റെ വിലാപങ്ങൾ എന്ന നോവൽ 2003-ലെ വയലാർ അവാർഡിന് അർഹമായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായും മുകുന്ദൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുരസ്ക്കാരങ്ങൾ
എഴുത്തച്ഛൻ പുരസ്കാരം (2018)
കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആൻഡ്
ലെറ്റേഴ്സ് ബഹുമതി – (1998)
കേരള സാഹിത്യ അക്കാദമി പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
വയലാർ പുരസ്കാരം
എം.പി.പോൾ പുരസ്കാരം
മുട്ടത്തു വർക്കി പുരസ്കാരം
എൻ. വി. പുരസ്കാരം



