ഇക്കുറി ലോകകപ്പ് ഫുട്ബോളിൽ മലയാളി താരവും ബൂട്ടണിയുമോ? കായിക കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് തഹ്‌സിൻ മുഹമ്മദിനെ

ലോക ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയായ ലോകകപ്പിൽ ഇക്കുറി മലയാളി സാന്നിധ്യം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കായികപ്രേമികൾ. അടുത്ത മാസം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിനായുള്ള ഖത്തറിന്റെ 35 അംഗ സാധ്യതാ ടീമിൽ കണ്ണൂർ സ്വദേശി തഹ്‌സിൻ മുഹമ്മദ് ഇടം നേടിയതാണ് ഈ പ്രതീക്ഷയ്ക്ക് കരുത്താകുന്നത്.
കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെ മകനായ തഹ്‌സിൻ, കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഖത്തർ ദേശീയ ടീമിലും ഉൾപ്പെട്ടിരുന്നു. ചെറുപ്പം മുതൽ തന്നെ ഖത്തർ ദേശീയ ജൂനിയർ ടീമുകളിലൂടെ ശ്രദ്ധ നേടിയ താരം, അണ്ടർ-16 ടീമിൽ നിന്നാണ് വളർച്ചയുടെ തുടക്കം കുറിച്ചത്. തുടർന്ന് അണ്ടർ-17, അണ്ടർ-19 ടീമുകളിലും സ്ഥിരസാന്നിധ്യമായി.
2024 ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് തഹ്‌സിൻ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. നിലവിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈലിനുവേണ്ടി കളിക്കുന്ന താരം, ലോകകപ്പിനുള്ള അന്തിമ ടീമിൽ ഇടംനേടുമെന്ന ആത്മവിശ്വാസത്തിലാണ്. അന്തിമ പട്ടികയിൽ തഹ്‌സിന് അവസരം ലഭിച്ചാൽ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും ചരിത്രവും അദ്ദേഹത്തെ തേടിയെത്തും.



