‘രമേശ് ചെന്നിത്തല ജി ഗ്രേറ്റ് ലീഡറാണ്, ചില പാൽകുപ്പികൾ ഇതറിയണം’….. ചെന്നിത്തലയെ പരിഹസിക്കുന്നവർക്ക് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ചെന്നിത്തല ഏറ്റവും സീനിയറും സൗമ്യനുമായ നേതാവാണെന്നും കസേരയ്ക്ക് വേണ്ടി അദ്ദേഹം ഒരിക്കലും ബഹളം വെച്ചിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

ഏറെക്കാലമായി മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്ന ചെന്നിത്തലയെ ഹൈക്കമാൻഡ് തഴഞ്ഞു എന്ന തരത്തിലുള്ള ട്രോളുകൾ നിറഞ്ഞ സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ പ്രതികരണം. “ഇന്നുവരെ ഒരു മോശം റിമാർക്കോ, പിആർ വർക്കോ രമേശ് ചെന്നിത്തല നടത്തിയിട്ടില്ല. സ്ഥാനമാനങ്ങൾ കിട്ടുവാൻ അദ്ദേഹം ബഹളം വെച്ചിട്ടില്ല. 40 വർഷം മുമ്പ് മന്ത്രിയായ ആളാണദ്ദേഹം. എത്രയോ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടെ കട്ടയ്ക്ക് വർക്ക് ചെയ്ത ജനനായകനാണ്,” പണ്ഡിറ്റ് കുറിച്ചു. പുതിയ തലമുറയിലെ വിമർശകർക്കെതിരെ ‘പാൽകുപ്പികൾ’ എന്ന പ്രയോഗം നടത്തിയാണ് പണ്ഡിറ്റ് വിമർശിച്ചത്. ചെന്നിത്തല മികച്ചൊരു പ്രതിപക്ഷ നേതാവാണെന്ന പേര് ഉണ്ടാക്കിയെടുത്ത ആളാണെന്നും അത് പലർക്കും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമ്പോൾ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെയാണ് ചെന്നിത്തലയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ, മുതിർന്ന നേതാവായ ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന ലഭിക്കണമെന്ന ആവശ്യമാണ് സന്തോഷ് പണ്ഡിറ്റും മുന്നോട്ട് വെക്കുന്നത്.

Related Articles

Back to top button