സെൻട്രൽ ജയിൽ അന്തേവാസികളുടെ കൈപ്പുണ്യം കടൽ കടക്കുന്നു…. വിമാനത്താവളത്തിലും രുചിമേള

സെൻട്രൽ ജയിലിലെ അന്തേവാസികളുടെ കൈപ്പുണ്യം കടൽ കടക്കുന്നു. പ്രത്യേക രുചിയും വിലക്കുറവും കൊണ്ട് ജനഹൃദയം കീഴടക്കിയ കണ്ണൂർ സെൻട്രൽ ജയിൽ വിഭവങ്ങൾ മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും വിതരണം തുടങ്ങി. ചപ്പാത്തി, ബിരിയാണി, ചില്ലി ചിക്കൻ, ചിക്കൻ കബാബ്, ചിക്കൻ കറി, മുട്ടക്കറി, വെജിറ്റബിൾ കറി, ലഡു, നേന്ത്രക്കായ ചിപ്സ് തുടങ്ങിയവയാണ് പ്രധാന വിഭവങ്ങൾ. യാത്രക്കാർ കഴിക്കുന്നതിനൊപ്പം ജയിൽ രുചി കടൽ കടന്ന് പോകുന്നുവെന്നതും പ്രത്യേകതയാണ്.
എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ 1.30 വരെയാണ് വിമാനത്താവളത്തിൽ ജയിലിന്റെ മൊബൈൽ കൗണ്ടർ ഭക്ഷണവുമായെത്തുന്നത്. അതിനുശേഷം വൈകീട്ട് ആറ് മണി വരെ മട്ടന്നൂർ ബസ് സ്റ്റാൻഡിലും കൗണ്ടർ പ്രവർത്തിക്കും. ഗുണനിലവാരമുള്ള ഭക്ഷണം മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയിൽ അധികൃതർ വിപണന ശൃംഖല വ്യാപിപ്പിക്കുന്നത്. വിദേശ യാത്രക്കൊരുങ്ങുന്നവർ ജയിൽ ലഡുവും ചിപ്സും വാങ്ങിക്കൊണ്ടുപോകുന്നത് പതിവാണെന്നു വിമാനത്താവള അധികൃതർ പറയുന്നു.



