മുസ്ലീം ലീഗ് എംഎൽഎമാർ നിയമസഭാ കക്ഷി യോഗത്തിന് എത്തില്ല; രാഹുൽ ഗാന്ധിയെ വീട്ടിലെത്തി കണ്ട് കെ സി വേണുഗോപാൽ

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ന്യൂഡൽഹിയിൽ രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ സജീവമായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയാണ് കെ സി വേണുഗോപാൽ ചർച്ച നടത്തിയത്. രാഹുലിനെ കാണാനായി വീട്ടിൽ നിന്നും ഇറങ്ങിയ കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. കാറിനുള്ളിൽ ചിരിച്ച മുഖത്തോടെയായിരുന്നു അദ്ദേഹത്തെ കണ്ടത്. രാവിലെ 10.30-നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തും.
അതേസമയം, മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. നേതാക്കളോടോ ഘടകകക്ഷികളോടോ രാഹുൽ ഗാന്ധി അന്തിമ തീരുമാനം പങ്കുവച്ചിട്ടില്ലെന്നാണ് വിവരം. പതിവായി നിയമസഭാ കക്ഷി യോഗത്തിന് മുൻപേ ഡൽഹിയിൽ നിന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടക്കാറുള്ളത്. എന്നാൽ ഇത്തവണ പ്രഖ്യാപനരീതിയിലും അനിശ്ചിതത്വം തുടരുകയാണ്. കക്ഷിയോഗത്തിൽ പേരറിയിക്കുമോ, അതോ ഒത്തുതീർപ്പ് പാക്കേജ് മാത്രമോ അവതരിപ്പിക്കുമോ എന്ന ചോദ്യവും ചർച്ചയാകുന്നു.
ഇതിനിടെ കോൺഗ്രസ് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കെ.സി. വേണുഗോപാലിന്റെ ഡൽഹിയിലെ 51 ലോധി എസ്റ്റേറ്റ് വസതി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങി. കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതേസമയം, രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയിൽ തുടരുകയാണ്. അവസാന നിമിഷത്തിൽ സമവായ സ്ഥാനാർഥിയായി ചെന്നിത്തലയുടെ പേര് പരിഗണിക്കാമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ അനുയായികൾക്കിടയിൽ തുടരുന്നു.
ഘടകകക്ഷികളുമായുള്ള ചർച്ചകളും നിർണായക ഘട്ടത്തിലെത്തി. മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നേരിട്ട് എത്തുന്നതിൽ അസൗകര്യം അറിയിച്ചതായി സൂചന. ഗവർണർക്ക് നൽകേണ്ട പിന്തുണക്കത്ത് ഇമെയിൽ മുഖേന കൈമാറാനാണ് സാധ്യത. രാവിലെ ലീഗ് യോഗവും ചേരാനിടയുണ്ട്. എല്ലാ എംഎൽഎമാരുടെയും പിന്തുണാകത്തുകൾ ശേഖരിക്കുന്ന നടപടികളിലാണ് കോൺഗ്രസ് നേതൃത്വം.
മുഖ്യമന്ത്രി പ്രഖ്യാപനം അവസാന നിമിഷം വരെ രഹസ്യമായി സൂക്ഷിക്കാനാണ് പാർട്ടി നീക്കം. നിയമസഭാ കക്ഷി യോഗം സംഘർഷപരമാകാതിരിക്കാനും പ്രവർത്തകരുടെ പ്രതിഷേധം ഒഴിവാക്കാനുമുള്ള ജാഗ്രതയാണ് ഇതിന് പിന്നിൽ.



