വിദ്യാർഥികളുടെ ഭാവി വെച്ച് പന്താടരുത്…. നീറ്റ് വിവാദത്തിൽ എൻടിഎയ്‌ക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധം

ന്യൂഡൽഹി: നീറ്റ് യു.ജി (NEET UG) പരീക്ഷ റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഡൽഹിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിലെ ശാസ്ത്രി ഭവന് മുന്നിലായിരുന്നു പ്രതിഷേധം. ബാരിക്കേഡ് കെട്ടി പോലീസ് പ്രവർത്തകരെ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.
പരീക്ഷാ പേപ്പർ ചോർച്ച ആവർത്തിക്കുന്നത് പരീക്ഷയുടെ വിശ്വാസ്യത തകർത്തുവെന്ന് എൻ.എസ്.യു ആരോപിച്ചു. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് സംവിധാനത്തിന്റെ പരാജയം ബാധിച്ചിരിക്കുന്നത്. ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൻടിഎ (NTA) സുതാര്യമായ രീതിയിൽ പരീക്ഷകൾ പുനഃസംഘടിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐയും രാജസ്ഥാൻ പോലീസും നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. പ്രചരിച്ച ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ പേപ്പറിലും ഉൾപ്പെട്ടതായി കണ്ടെത്തിയിരുന്നു.
പുതുക്കിയ തിയതി എൻടിഎ ഉടൻ പ്രഖ്യാപിക്കും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷനോ ഫീസോ ആവശ്യമില്ല. മെയ് മൂന്നിന് നടന്ന പരീക്ഷയിൽ രാജ്യത്താകെ 24 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്.



