കാർ ഷോറൂമിന് മുന്നിലെ ബുള്ളറ്റ് കണ്ടു, പിന്നെ ഒന്നും നോക്കിയില്ല…. നമ്പർ പ്ലേറ്റ് മാറ്റി കറങ്ങിയ മോഷ്ടാവ് മൂവാറ്റുപുഴയിൽ കുടുങ്ങി

കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. നമ്പർ പ്ലേറ്റ് മാറ്റി ബൈക്ക് ഓടിച്ചു വരുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. തൃശൂർ പുത്തൻചിറ സ്വദേശി മുഹമ്മദ് ഫസലിനെ (20) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഊന്നുകൽ ഭാഗത്ത് വെച്ച് ഇയാളെ വലയിലാക്കിയത്. ഏപ്രിൽ 28-ന് പുലർച്ചെയാണ് മൂവാറ്റുപുഴ – അടൂപറമ്പ് ഭാഗത്തുള്ള കാർ ഷോറൂമിന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷണം പോയത്.
മോഷണം പോയ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിക്കുന്നതിനിടെ പോലീസ് ഇയാളെ തിരിച്ചറിയുകയായിരുന്നു. ഊന്നുകൽ ഭാഗത്ത് വെച്ചാണ് സിനിമാറ്റിക്കായ നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. മുഹമ്മദ് ഫസലിന്റെ പേരിൽ സമാനമായ നിരവധി ബൈക്ക് മോഷണക്കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷണസമയത്ത് ഫസലിന്റെ കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. എസ്ഐമാരായ എൻ.എസ്. റോയ്, ബിനോയ് അബ്രഹാം, പി.സി. ജയകുമാർ എന്നിവരുൾപ്പെട്ട വലിയൊരു സംഘമാണ് ഈ അന്വേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്.



