പ്രണയം നടിച്ച് സ്വർണം തട്ടി…. ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 6.8 ലക്ഷത്തിന്റെ ആഭരണങ്ങൾ… യുവാവ് പിടിയിൽ

തൃശൂർ: യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ആഭരണങ്ങൾ തട്ടിയെടുക്കുകയും പിന്നീട് ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഫഹീം അഹമ്മദ് (23) ആണ് പിടിയിലായത്. 2025 ഒക്ടോബറിലാണ് തട്ടിപ്പിന്റെ തുടക്കം. യുവതിയുമായി സ്നേഹബന്ധത്തിലായ പ്രതി, സ്വർണം നൽകി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തിൽ നിന്ന് പിന്മാറുമെന്നും പറഞ്ഞ് സമ്മർദ്ദത്തിലാക്കി. ആദ്യം നാല് പവൻ തൂക്കം വരുന്ന മാലയാണ് ഇയാൾ കൈക്കലാക്കിയത്. പിന്നീട് യുവതിയുമൊത്തുള്ള ഫോട്ടോകൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ് തുടർന്നു.
2026 ജനുവരിയിൽ ഒരു പവന്റെ ബ്രേസ്‌ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്‌ലെറ്റ്, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തു. വിവിധ ഘട്ടങ്ങളിലായി ഏകദേശം അഞ്ചര പവനിലധികം സ്വർണാഭരണങ്ങളാണ് പ്രതി കൈക്കലാക്കിയത്. ഇതിന് വിപണിയിൽ 6,80,000 രൂപ വിലവരും. യുവതിയുടെ പരാതിയിൽ കേസെടുത്ത കൊടുങ്ങല്ലൂർ പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ തലശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



