25 വർഷത്തെ ഒളിവുജീവിതം…. ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് എഐ സാങ്കേതികവിദ്യ

കോഴിക്കോട്: കാൽ നൂറ്റാണ്ടുകാലത്തെ ദുരൂഹതയ്ക്ക് വിരാമമിട്ട് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ഒടുവിൽ പോലീസ് പിടിയിൽ. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്. 2001-ൽ ഭാര്യ ജമീലയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ നാദാപുരം എടച്ചേരി സ്വദേശി ഹമീദാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്.
കേസന്വേഷണത്തിൽ ഏറ്റവും നിർണായകമായത് എഐ സാങ്കേതികവിദ്യയാണ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന വളരെ പഴയ ഫോട്ടോ എഐ ഉപയോഗിച്ച് ഇന്നത്തെ രൂപത്തിലേക്ക് മാറ്റി തയ്യാറാക്കുകയായിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാൻ അന്വേഷണസംഘത്തിന് ഏറെ സഹായകരമായി. ഈ ചിത്രത്തിന്റെ സഹായത്തോടെയാണ് കാസർകോട് മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയായിരുന്ന ഹമീദിനെ പോലീസ് കണ്ടെത്തിയത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിൽത്തന്നെ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാൾക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.



