നെയ്യാറ്റിൻകരയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ…. സിനിമ-സീരിയൽ മേഖലകളിൽ വിതരണം ചെയ്യാനെത്തിച്ചതെന്ന് സൂചന

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 10 കിലോ കഞ്ചാവുമായി ആര്യനാട് സ്വദേശി പ്രശാന്ത് (39) പിടിയിലായി. സിനിമ-സീരിയൽ മേഖലയിലുള്ളവർക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ കഞ്ചാവെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്.
ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന കൃത്യമായ രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. നെയ്യാറ്റിൻകരയിൽ വെച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതിയെയും കഞ്ചാവിനെയും കണ്ടെത്തിയത്. പത്ത് കിലോയോളം വരുന്ന വലിയ ശേഖരം വിതരണത്തിനായി പാക്ക് ചെയ്ത നിലയിലായിരുന്നു. ലഹരിമരുന്ന് ആർക്കൊക്കെയാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സിനിമ-സീരിയൽ മേഖല കേന്ദ്രീകരിച്ചുള്ള വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പ്രതിക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. പിടികൂടിയ കഞ്ചാവും പ്രതിയെയും നെയ്യാറ്റിൻകര പൊലീസിന് കൈമാറി.



