കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ ‘കൈപ്പത്തി’ ക്ഷേത്രത്തിൽ തുലാഭാരം… ചരിത്രപ്രസിദ്ധമായ ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്

പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച് ചരിത്രപ്രസിദ്ധമായ പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്തി. കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ദേശീയ ശ്രദ്ധയാകർഷിച്ച ക്ഷേത്രത്തിലാണ് ഈ സവിശേഷമായ വഴിപാട് നടന്നത്.

യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം അനിൽകുമാറാണ് വഴിപാട് നേർന്നത്. കെ.സി വേണുഗോപാലിന്റെ ജന്മനക്ഷത്രമായ രോഹിണി നാളിലായിരുന്നു തുലാഭാരം. കെ.സി വേണുഗോപാൽ വരുംകാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെത്തണമെന്ന ആഗ്രഹത്തോടെയാണ് താൻ ഈ വഴിപാട് നടത്തിയതെന്ന് അനിൽകുമാർ വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഏമൂർ ഹേമാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതത്തിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിലുള്ള രണ്ട് കൈപ്പത്തികളായതിനാൽ ‘കൈപ്പത്തി ക്ഷേത്രം’ എന്നും ഇത് അറിയപ്പെടുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ചതിന് ശേഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായി ‘കൈപ്പത്തി’ തിരഞ്ഞെടുത്തതെന്നാണ് ചരിത്രം. കോൺഗ്രസ് പ്രവർത്തകർക്ക് വൈകാരികമായി വലിയ പ്രാധാന്യമുള്ള ഈ മണ്ണിൽ തന്നെ കെ.സി വേണുഗോപാലിനായി വഴിപാട് നടന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. സംസ്ഥാന കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വിവിധ ഗ്രൂപ്പുകൾക്കിടയിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് അണികളുടെ ഇത്തരത്തിലുള്ള പരസ്യമായ ആഗ്രഹപ്രകടനങ്ങളും വഴിപാടുകളും പുറത്തുവരുന്നത്.

Related Articles

Back to top button