ട്രാഫിക് പൊലീസിനെ ക്രൂരമായി മർദ്ദിച്ച് ശേഷം 21 വർഷം ഒളിവിൽ… 64കാരൻ പിടിയിൽ

ചെങ്ങന്നൂർ: ട്രാഫിക് പോയിന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 21 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചെറിയനാട് വില്ലേജിൽ ചെറുവല്ലൂർ മുറിയിൽ കളരിക്കൽ വീട്ടിൽ മുഹമ്മദ് നൂഹ് (64) ആണ് വെൺമണി പൊലീസിന്റെ പിടിയിലായത്. 1999 ഓഗസ്റ്റ് 22-ന് വൈകീട്ട് കൊല്ലകടവ് ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും കൈവിരലുകൾ കടിച്ചു മുറിപ്പെടുത്തുകയുമായിരുന്നു.

ഈ കേസിൽ ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതി പ്രതിക്ക് മൂന്നുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇയാൾ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും തുടർന്ന് ഒളിവിൽ പോകുകയുമായിരുന്നു. ഇയാൾക്കെതിരെ കോടതി ശിക്ഷാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വെൺമണി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി 21 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചിറയിൻകീഴ് ഭാഗത്തുനിന്നാണ് ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Related Articles

Back to top button