മരത്തിൽ ദ്രവിച്ച കയറും തൊട്ട‌ടുത്ത് ചെരിപ്പും വസ്ത്രങ്ങളും… തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി…. കണ്ട‌ത് വിറക് ശേഖരിക്കാൻ പോയ സ്ത്രീകൾ

തെന്മല: കൊല്ലം തെന്മലയിൽ വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. തെന്മല ഡാം ജംഗ്ഷന് സമീപമുള്ള ഉന്നതിയോട് ചേർന്ന വനമേഖലയിലാണ് അവശിഷ്ടങ്ങൾ കാണപ്പെട്ടത്. വിറക് ശേഖരിക്കാനായി കാട്ടിൽ പോയ സ്ത്രീകളാണ് അസ്ഥികൂടം ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തെന്മല പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

അസ്ഥികൂടത്തിന് സമീപത്തുനിന്ന് പുരുഷന്റേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മരത്തിൽ ദ്രവിച്ച നിലയിലുള്ള ഒരു കയറും പോലീസ് കണ്ടെടുത്തു. ഇത് തൂങ്ങിമരണമാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണപ്പെട്ടത് പുരുഷനാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

2024 ജൂലൈ മാസം ഈ പ്രദേശത്തുനിന്നും ഒരാളെ കാണാതായിരുന്നു. കണ്ടെത്തിയ അസ്ഥികൂടം ഈ വ്യക്തിയുടേതാണോ എന്ന കാര്യത്തിലാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടത്തുന്നത്. കൂടുതൽ വ്യക്തതയ്ക്കായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. ഫൊറൻസിക് സംഘം സ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ തെന്മല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button