തിരുവള്ളൂരിലെ പൊലീസ് അതിക്രമം…മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു….

തിരുവള്ളൂരിലെ പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പാതിരാത്രി പൊലീസ് കയറി അതിക്രമം കാട്ടിയ സംഭവത്തിലാണ് നടപടി. റൂറല്‍ എസ്പി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പൊലീസ് പരിശോധനക്കായി വീട്ടിലെത്തിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ തിരുവള്ളൂര്‍ സിദ്ദീഖിന്റെ വീട്ടിലാണ് പൊലീസ് എത്തിയത്. കൈക്കുഞ്ഞുമായി കിടക്കുന്ന ഇയാളുടെ ഭാര്യ അസ്മിറയുടെ മുറിയില്‍ ഉള്‍പ്പെടെ കയറി പൊലീസ് അതിക്രമം കാട്ടിയതായി യൂത്ത് ലീഗ് ആരോപിച്ചിരുന്നു.

വീട്ടുകാരുമായി പൊലീസ് വാക്കേറ്റത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വീട്ടിലെ പൊലീസ് അതിക്രമത്തില്‍ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നത്.

Related Articles

Back to top button