അലുവ അതുൽ വധക്കേസ്: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മൊഴി നൽകി, ഒരാൾ കൂടി അറസ്റ്റിൽ

അലുവ അതുൽ വധക്കേസിൽ ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ നാല് പേർ കരുനാഗപ്പള്ളി പൊലീസ് മുൻപാകെ മൊഴി നൽകി. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ വാളകത്ത് പ്രവർത്തിക്കുന്ന ക്വാറിയിലെ തൊഴിലാളികളായിരുന്നു കേസിലെ പ്രതികൾ. എന്നാൽ പ്രതികളെ ആരെയും നേരിട്ട് അറിയില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫനും മറ്റ് ഉടമകളും പൊലീസിനോട് വ്യക്തമാക്കി.

അതേസമയം, കേസിൽ പ്രതികളെ സഹായിച്ച കടത്തൂർ സ്വദേശി അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് രക്ഷപ്പെടാൻ കാർ സൗകര്യം ഒരുക്കിയത് അജ്മലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗത കുറയ്ക്കാനായി മുന്നിൽ ഓടിച്ച സ്വിഫ്റ്റ് കാറിലായിരുന്നു അജ്മൽ ഉണ്ടായിരുന്നത്. കൊലപാതക ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി.

കഴിഞ്ഞ മാർച്ച് 14-നാണ് കരുനാഗപ്പള്ളി നഗരമധ്യത്തിൽ വെച്ച് അതുൽ കൊല്ലപ്പെടുന്നത്. പ്രശസ്ത ഗുണ്ടാതലവൻ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു അതുൽ. ഈ കൊലപാതകത്തോടുള്ള പ്രതികാരമായി പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്.

Related Articles

Back to top button