ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം… ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ വേനൽമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കൊടുംചൂടിൽ ജനം വലയുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതൽ മഴ സജീവമാകുമെന്നാണ് പ്രവചനം.
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളിൽ വരും ദിവസങ്ങളിൽ മഴ ലഭിച്ചു തുടങ്ങും. ബുധനാഴ്ചയോടെ വടക്കൻ ജില്ലകളിലും മഴയെത്തുമെന്നാണ് സൂചന.
മഴയുടെ സൂചനയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടിന് ഇതുവരെ കുറവുണ്ടായിട്ടില്ല. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലേർട്ട് തുടരുകയാണ്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് സൂര്യതാപമേറ്റതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ സൂര്യതാപത്തിനെതിരെയുള്ള ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
വേനൽമഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നൽ സാധ്യത കൂടുതൽ. ഈ സാഹചര്യത്തിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും ഇലക്ട്രിക് ലൈനുകൾ പൊട്ടിവീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മഴ ലഭിച്ചു തുടങ്ങുന്നതോടെ നിലവിലെ ഉഷ്ണതരംഗത്തിന് ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




