അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ വിളിച്ചു… പൊലീസിൽ കീഴടങ്ങിയത് കൊലപ്പെടുത്തിയ കത്തിയുമായി….

കണ്ണൂർ: പേരാവൂർ മണത്തണയിൽ മഹിളാ മോർച്ച ജില്ലാ നേതാവായ ഗീതമ്മയെ (50) മകൻ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം ശാന്തനായി പോലീസ് സ്റ്റേഷനിലെത്തിയ ക്രിസ്റ്റി, കൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട കത്തിയുമായാണ് കീഴടങ്ങിയത്.
വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ ഗീതമ്മയും ക്രിസ്റ്റിയും ക്രിസ്റ്റിയുടെ 90 വയസ്സുള്ള മുത്തശ്ശി ഏലിക്കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. കൃത്യം നടത്തുന്നതിന് മുൻപ് മുത്തശ്ശിയെ ക്രിസ്റ്റി അവരുടെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് കിടപ്പുമുറിയിൽ വെച്ച് ഗീതമ്മയുമായി വഴക്കുണ്ടാക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ വിവരം ക്രിസ്റ്റി തന്നെ ആണ് കോഴിക്കോട്ടുള്ള സഹോദരിയെ ഫോണിൽ വിളിച്ചു പറഞ്ഞത്. പരിഭ്രാന്തയായ സഹോദരി ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗീതമ്മയെയാണ് കണ്ടത്. ഈ സമയമെല്ലാം ക്രിസ്റ്റി വീട്ടിൽ തന്നെ തുടരുകയായിരുന്നു. പിതാവ് തങ്കച്ചൻ മടങ്ങിയെത്തുന്നതിനായി ഇയാൾ കാത്തിരുന്നതായും സൂചനയുണ്ട്.
പിന്നീട് സമീപവാസിയായ ഒരു യുവാവിനെ വിളിച്ചുവരുത്തിയ ക്രിസ്റ്റി, അയാളുടെ സ്കൂട്ടറിലാണ് കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സ്റ്റേഷനിലും വളരെ ശാന്തനായാണ് ഇയാൾ പെരുമാറിയത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു നാട്ടിലെത്തിയതായിരുന്നു. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു കാലം വിദേശത്തായിരുന്ന ഇയാൾ നാട്ടിൽ മടങ്ങിയെത്തിയ ശേഷം സ്ഥിരമായി ഒരിടത്തും നിൽക്കാത്ത സ്വഭാവക്കാരനായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഭാര്യയുടെ മരണവാർത്തയറിഞ്ഞ ഭർത്താവ് തങ്കച്ചനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം ബന്ധുവീട്ടിലാണ്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായ ഗീതമ്മ കേളകത്ത് ബ്യൂട്ടിപാർലർ നടത്തി വരികയായിരുന്നു. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്. ലഹരി ഉപയോഗമാണോ അതോ മറ്റ് കുടുംബ പ്രശ്നങ്ങളാണോ കൊലപാതകത്തിന് പ്രകോപനമായതെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.



