ജീരക സോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്…. സോഡാ നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

ഇരിങ്ങാലക്കുട: ജീരക സോഡാ കുപ്പിക്കുള്ളിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. ഇരിങ്ങാലക്കുട കോണത്തുകുന്ന് മനയ്ക്കപ്പടിയിലുള്ള ‘ഇന്ത്യൻ ഫാസ്റ്റ് ഫുഡ്’ എന്ന തട്ടുകടയിൽ നിന്ന് യുവാക്കൾ വാങ്ങിയ സോഡയിലാണ് പാമ്പിനെ കണ്ടത്. ചെറായി സ്വദേശി വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവർ വാങ്ങിയ കുപ്പികളിൽ ഒന്നിലാണ് പാമ്പിൻകുഞ്ഞ് ഉണ്ടായിരുന്നത്.

സോഡാ കുപ്പി തുറന്ന് കുടിക്കാനൊരുങ്ങിയ സമയത്താണ് കുപ്പിക്കുള്ളിൽ എന്തോ തങ്ങിനിൽക്കുന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അത് ചത്ത പാമ്പിൻകുഞ്ഞാണെന്ന് തിരിച്ചറിയുകയായിരുന്നു. കോണത്തുകുന്ന് ചിരട്ടക്കുന്നിൽ പ്രവർത്തിക്കുന്ന ‘റിലാക്സ് സോഡാ’ കമ്പനിയിൽ നിന്നുള്ള ജീരക സോഡയാണിതെന്ന് കുപ്പിയിലെ സ്റ്റിക്കറിൽ നിന്നും വ്യക്തമായി.

യുവാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എം. ബർഷാനയുടെ നേതൃത്വത്തിൽ ഫാക്ടറിയിൽ അടിയന്തര പരിശോധന നടത്തി. സോഡ നിറയ്ക്കുന്നതിനായി കഴുകി വയ്ക്കുന്ന കുപ്പികൾ സുരക്ഷിതമല്ലാത്ത രീതിയിലാണ് സൂക്ഷിച്ചിരുന്നത്. തലേദിവസം രാത്രി കഴുകിവയ്ക്കുന്ന കുപ്പികളിൽ പിറ്റേന്നാണ് സോഡ നിറയ്ക്കുന്നത്. ഈ സമയത്തിനിടയിലാകാം പാമ്പ് കുപ്പിക്കുള്ളിൽ കയറിയതെന്നാണ് നിഗമനം. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും അടച്ചുറപ്പില്ലാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം ഉദ്യോഗസ്ഥർ അടപ്പിച്ചു.

ഫാക്ടറിയിൽ ഉണ്ടായിരുന്ന ജീരക സോഡയുടെ മുഴുവൻ സ്റ്റോക്കും ഉദ്യോഗസ്ഥർ നശിപ്പിച്ചു. കൂടാതെ, ഈ കമ്പനിയിൽ നിന്നും മറ്റ് കടകളിലേക്ക് വിതരണത്തിന് കൊണ്ടുപോയ സോഡകൾ ഫാക്ടറി അധികൃതരെക്കൊണ്ട് തന്നെ തിരിച്ചുവിളിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button