നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയി…​കര്‍ശന നടപടി…

: മറ്റൊരു വാഹനവുമായി ഉരസിയെന്നാരോപിച്ച് നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയി. പെരുമ്പാവൂരിലാണ് സംഭവം. എം.സി റോഡിലെ തിരക്കുള്ള വല്ലം ജങ്ഷനിലാണ് ബസ് ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങിപ്പോയത്. കിലോമീറ്ററോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തിയ ബസ് ഡ്രൈവറുടെ നടപടിയിൽ വ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

രാപകലില്ലാതെ തിരക്ക് അനുഭവപ്പെടുന്ന പ്രധാന ജങ്ഷനിലാണ് ബസ് മാര്‍ഗ്ഗതടസം സൃഷ്ടിച്ചത്. തന്‍റെ ബസില്‍ മറ്റൊരു വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു ഡ്രൈവറുടെ പ്രതിഷേധം. എന്നാല്‍, പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രാഥമികമായി പരിശോധിച്ചപ്പോള്‍ ബസില്‍ യാതൊരുവിധ കേടുപാടുകളും കണ്ടെത്താനായില്ല. എന്നിട്ടും വാഹനം മാറ്റിയിടാന്‍ ഡ്രൈവര്‍ തയാറാകാതെ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും പ്രകോപിപ്പിച്ചു.

സംഭവസമയത്ത് പൊലീസുകാരനും ട്രാഫിക് വാര്‍ഡനും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ നിസ്സഹകരണം മൂലം ഗതാഗത നിയന്ത്രണം പൂര്‍ണമായും പാളുകയായിരുന്നു. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. യാത്രക്കാര്‍ ബസിനുള്ളിലും പുറത്തുമായി 15 മിനിട്ടിലധികം പെരുവഴിയിലായി. പാലക്കാടുനിന്ന് കട്ടപ്പനക്ക് പോയ ബസാണ് നടുറോഢിൽ നിർത്തിയിട്ടത്. ഒടുവില്‍ പ്രശ്‌നം വഷളാകുമെന്ന് കണ്ടപ്പോള്‍, മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ഇടപെട്ട് തടസ്സമായി കിടന്ന ബസ് റോഡരികിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗതാഗതകുരുക്ക് മാറിയത്.

Related Articles

Back to top button