പൂജയ്ക്ക് എത്തിയത് പകരക്കാരനായി…. കൊണ്ടുപോയത് ലക്ഷങ്ങൾ വിലയുള്ള നിലവിളക്ക്… ശാന്തിക്കാരൻ പിടിയിൽ

മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ കൊമ്പൻകല്ല് മഹാദേവ ക്ഷേത്രത്തിൽ നിന്ന് വെള്ളി നിലവിളക്ക് മോഷ്ടിച്ച സംഭവത്തിൽ താൽക്കാലിക ശാന്തിക്കാരനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ അണ്ടിക്കുന്ന് സ്വദേശി അതുൽ കൃഷ്ണ (21) ആണ് പിടിയിലായത്. ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന 450 ഗ്രാം തൂക്കം വരുന്ന നിലവിളക്കാണ് ഇയാൾ കവർന്നത്.

കഴിഞ്ഞ മാർച്ച് 29-നായിരുന്നു സംഭവം. ക്ഷേത്രത്തിലെ സ്ഥിരം ശാന്തിക്കാരൻ അവധിയിലായിരുന്ന ദിവസം പകരക്കാരനായാണ് അതുൽ കൃഷ്ണ പൂജയ്ക്കെത്തിയത്. പ്രതിഷ്ഠാദിനം കഴിഞ്ഞ് നട തുറന്ന ഈ ദിവസം തന്നെ ഇയാൾ വിളക്കുമായി കടന്നുകളയുകയായിരുന്നു. ക്ഷേത്ര ഭരണസമിതി നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അകംമ്പാടം പൊക്കോടുള്ള കിരാത മൂർത്തി ക്ഷേത്രത്തിൽ പൂജയ്ക്കെത്തിയപ്പോൾ വിഗ്രഹത്തിലെ സ്വർണ്ണപ്പൊട്ട് മോഷ്ടിച്ചതിന് അതുൽ കൃഷ്ണയെ ഭരണസമിതി പിടികൂടിയിരുന്നു. ഈ സംഭവത്തിൽ നിലമ്പൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊമ്പൻകല്ല് ക്ഷേത്രത്തിലെ വിളക്ക് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

മോഷ്ടിച്ച വെള്ളി നിലവിളക്ക് കോഴിക്കോട് പാളയത്തുള്ള ഒരു ജ്വല്ലറിയിൽ ഒരു ലക്ഷം രൂപയ്ക്കാണ് ഇയാൾ വിറ്റതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം പോയ വിളക്ക് കണ്ടെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. പകരക്കാരനായി പൂജയ്ക്കെത്തുന്ന സ്ഥലങ്ങളിൽ മോഷണം നടത്തുന്നത് ഇയാളുടെ രീതിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button