മതവിദ്വേഷം പടർത്താനുളള ആർഎസ്എസ് നീക്കം കേരളം ചെറുക്കും… നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാല്‍…

തിരുവനന്തപുരം: കടുത്ത സൈബർ ആക്രമണം നേരിടുന്ന നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മനുഷ്യനെ ഒന്നിച്ചുനിര്‍ത്തുന്ന സംഗീതത്തെ വര്‍ഗീയതയുമായി കൂട്ടിച്ചേര്‍ത്ത സംഘപരിവാര്‍ സീമകള്‍ ലംഘിക്കുകയാണെന്നും മതവിദ്വേഷം പടര്‍ത്താനുളള ആര്‍എസ്എസ് നീക്കത്തെ കേരളം ചെറുത്തുനിര്‍ത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ഈ നാടിന്റെ ഓരോ ആഘോഷങ്ങളുമെന്നും മനുഷ്യനെ ഒന്നിച്ചുനിര്‍ത്തുന്ന സംഗീതത്തെ വര്‍ഗീയതയുമായി കൂട്ടിച്ചേര്‍ത്ത് നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടര്‍ന്നുപോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേല്‍പ്പിക്കാനുളള സംഘപരിവാര്‍ ഗൂഢാലോചന അതിന്റെ സീമകള്‍ ലംഘിക്കുകയാണ്. ക്ഷേത്രങ്ങളും പളളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന ബിജെപി- ആര്‍എസ്എസ് സംഘം മതവിദ്വേഷം പടര്‍ത്തുന്ന നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിര്‍ത്തും. ഈ നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടര്‍ന്നുപോകേണ്ടതില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ജനകീയമായും നേരിടും’- കെ സി വേണുഗോപാല്‍ പറഞ്ഞു.



