മുണ്ടത്തിക്കോട് ദുരന്തം…. മരണം 13 ആയി… പാറമേക്കാവിന്റെ വെടിക്കെട്ട് പുരയ്ക്ക് സ്റ്റോപ്പ് മെമ്മോ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പടക്കനിർമ്മാണ ശാലകൾക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള പടക്കനിർമ്മാണ ശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് നിർമ്മാണശാലയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ഏഴ് പേരുടെ പൂർണ്ണമായ മൃതദേഹങ്ങൾ ലഭിച്ചതിൽ മൂന്ന് പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത് പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ സ്വദേശി സുവിൻ (39). ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ബാക്കിയുള്ള ആറ് മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചിന്നിച്ചിതറിയ നിലയിൽ ലഭിച്ച ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂ.
അപകടത്തിൽ പരിക്കേറ്റ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ സതീഷ് (46), പ്രവീൺ (45) എന്നിവർ വെന്റിലേറ്ററിലാണ്. മറ്റുള്ളവർ തൃശ്ശൂർ മെഡിക്കൽ കോളേജിലും എലൈറ്റ് ആശുപത്രിയിലുമായി ചികിത്സയിൽ തുടരുന്നു. ലഘുവായ പരിക്കേറ്റ സുഭദ്ര, സുന്ദരൻ എന്നിവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി കരുതിയിരുന്ന കരിമരുന്നിനാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൂരം മുന്നിൽക്കണ്ട് ജില്ലയിലെ മറ്റ് വെടിക്കെട്ട് നിർമ്മാണ ശാലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.



