തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; സംഭവസ്ഥലത്ത് കഡാവർ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചു

തൃശ്ശൂരിൽ തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന സ്ഥലത്ത് ഇന്ന് വിദഗ്ധ പരിശോധന നടക്കും. കൂടുതൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താൻ കഡാവർ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറു മണിയോടെയാണ് കടാവർ നായ്ക്കളെ എത്തിച്ചുള്ള പരിശോധന ആരംഭിച്ചത്. ആരുടെയെങ്കിലും ശരീരഭാഗങ്ങൾ ചിന്നി ചിതറിയിട്ടുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കും. അതിന് വേണ്ടിയാണ് കഡാവർ നായ്ക്കളെ കൊണ്ടുവരുന്നത്.
സ്ഫോടനത്തിൽ മരിച്ച 9 പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. അഞ്ച് എണ്ണം തിരിച്ചറിഞ്ഞു. മൂന്നെണ്ണം പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്. 23 മൃതദേഹ അവശിഷ്ടം ലഭിച്ചു. അവയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കലാണ് നടക്കുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സതീഷ് (46), പ്രവീൺ (45) എന്നിവർ വെന്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു (30), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി (65), സുന്ദരൻ (46), സാജൻ (37) എന്നിവരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന സുഭദ്രയെ ഡിസ്ചാർജ് ചെയ്തു.
സ്ഫോടനത്തിൽ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മെഡിക്കൽ കോളേജിൽ എത്തി പരിക്കേറ്റവരെ സന്ദർശിക്കും. പത്തു പേരാണ് ഐസിയുവിൽ ചികിത്സയിലുള്ളത്. ഇതിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്ന് വിദഗ്ധർ എത്തി ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അപകടസ്ഥലത്ത് എത്ര പേർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ടുള്ള വിശദമായ പരിശോധനയും ഇന്ന് നടക്കും. ഇന്നലെ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിന്റെ കാരണത്തിൽ കൂടി വ്യക്തത വരുത്തേണ്ടതുണ്ട്



