ഒരു കോൺഗ്രസ് നേതാവും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സണ്ണി ജോസഫ്; ‘യുഡിഎഫിൻ്റെ കെട്ടുറപ്പ് തകർക്കാനാവില്ല’

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് പ്രവർത്തകരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും ഇത്തരം അജണ്ടകളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലെ ഒരു നേതാവ് പോലും മുഖ്യമന്ത്രി സ്ഥാനത്തിനായി മാധ്യമങ്ങൾക്കോ സോഷ്യൽ മീഡിയക്കോ മുന്നിൽ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി നടക്കുന്ന ചർച്ചകളിലാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണം.

യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ അജണ്ടകൾക്കെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് ഫെയ്‌സ്ബുക്കിൽ നടത്തിയ പ്രതികരണത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും യുഡിഎഫ് അതിന്റെ ഐക്യം തെളിയിച്ചിട്ടുള്ളതാണ്. ഒരു ബാഹ്യശക്തിക്കും ഈ കെട്ടുറപ്പിനെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയപ്രതീക്ഷയുള്ള യുഡിഎഫ് മുന്നണിക്കുള്ളിൽ ഭിന്നതയുണ്ടെന്ന വരുത്തിത്തീർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് മുഖ്യമന്ത്രി ചർച്ചയുടെ അടിസ്ഥാനമെന്ന് കെപിസിസി പ്രസിഡൻ്റ് പറയുന്നു. ഈ പ്രചാരണം തടയുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നുമുള്ള ശക്തമായ സന്ദേശമാണ് അദ്ദേഹം നൽകുന്നത്.

Related Articles

Back to top button