കേരളത്തിൽ രാഹുൽ ഗാന്ധി നില മറന്ന് പെരുമാറി’…പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ സിപിഎം-സിപിഐ ജനറൽ സെക്രട്ടറിമാർ…

വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ നിലപാട് ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് സി പി എം – സി പി ഐ ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും ഇടത് മുന്നണിക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. രാഹുൽ ഗാന്ധി കേരളത്തിൽ നിലമറന്നാണ് പെരുമാറിയതെന്നും സി പി എം, ബി ജെ പിയുടെ ‘ബി ടീം’ ആണെന്നതടക്കമുള്ള വിമർശനങ്ങൾ സീമകൾ ലംഘിച്ചെന്നുമാണ് ഇടത് കേന്ദ്രങ്ങളുടെ കുറ്റപ്പെടുത്തൽ. സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പകരം പ്രതിനിധികളെ അയച്ചു. സി പി എം പ്രതിനിധിയായി നീലോത്പൽ ബസുവും സി പി ഐ പ്രതിനിധിയായി ആനി രാജയുമാണ് യോഗത്തിൽ പങ്കെടുത്തത്. ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകൾ വീഴ്ത്തുന്നതാണ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പരാമർശങ്ങളെന്ന് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്ന ബോധ്യമുണ്ടെങ്കിലും, കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ദേശീയ തലത്തിലെ സഹകരണത്തെ ബാധിക്കുന്ന കാഴ്ചയാണ് ഈ വിട്ടുനിൽക്കലിലൂടെ പ്രകടമാകുന്നത്.

Related Articles

Back to top button