‘ചെരുപ്പിട്ട് വന്ന വിദ്യാർഥിനിയെ കോളനിയെന്ന് വിളിച്ചു…. ക്ലാസിലെ പെൺകുട്ടിയെ കറുത്ത പശുവെന്ന് വിളിച്ച് പരിഹസിച്ചു’…. അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകൻ ഡോ. എം കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ. ക്രൂരമായ ബോഡി ഷെയ്മിങ്ങും ജാതീയ അധിക്ഷേപവുമാണ് അധ്യാപകൻ നടത്തിയിരുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

കറുത്ത നിറമുള്ള പെൺകുട്ടിയെ ‘കറുത്ത പശു’ എന്നും വെളുത്തവരെ ‘വെള്ളപ്പാറ്റ’ എന്നും വിളിച്ചു പരിഹസിക്കുന്നത് പതിവായിരുന്നു. ചെരുപ്പിട്ട് വന്ന വിദ്യാർത്ഥിനിയെ ‘കോളനി’ എന്ന് വിളിച്ചതായും ആക്ഷേപമുണ്ട്. ഒരു പെൺകുട്ടിയെ സഹപാഠിയെക്കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാൻ ഡോ. റാം ശ്രമിച്ചതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഇത്തരം പീഡനങ്ങൾക്കെതിരെ പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. നിതിന്റെ മരണം ലോൺ ആപ്പ് ഭീഷണി മൂലമാണെന്ന പോലീസ് നിഗമനം സഹോദരി നികിത രാജ് തള്ളി. നിതിനെ ഡോ. റാം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് കൊലപാതകത്തിന് തുല്യമാണെന്നും കുടുംബം ആരോപിച്ചു. വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും, അധ്യാപകന്റെ പീഡനത്തെക്കുറിച്ച് അറിവില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.

Related Articles

Back to top button