മാറഞ്ചേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച.. ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും ഭണ്ഡാരപ്പണവും കവർന്നു

മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ അതിസാഹസികമായ കവര്‍ച്ച. ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള വെള്ളി മുഖക്കാപ്പും പൂജാ സാധനങ്ങളും ഭണ്ഡാരത്തിലെ പണവും കവര്‍ന്നു. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ഉമ്മറത്തെ ഉത്തരത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന താക്കോല്‍ കൈക്കലാക്കിയ കള്ളൻ, അത് ഉപയോഗിച്ച് ശ്രീകോവില്‍ തുറന്നാണ് കവർച്ച നടത്തിയത്. ഭഗവാന്റെ 950 ഗ്രാം തൂക്കം വരുന്ന വെള്ളി മുഖക്കാപ്പ്. പൂജാസെറ്റ്, വലുതും ചെറുതുമായ ഒമ്പത് ഓട്ടുരുളികള്‍. ക്ഷേത്രമതിലിലെ നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണം. ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ബാഗ്, 1000 രൂപ, ചോറ്റുപാത്രം എന്നിവയും മോഷ്ടിച്ചു.

വെള്ളി ആഭരണങ്ങള്‍ക്കു മാത്രം വിപണിയില്‍ 70,000 രൂപയിലധികം വിലവരും. മറ്റ് ഓട്ടുപാത്രങ്ങൾക്കും ഭണ്ഡാരപ്പണത്തിനുമായി വലിയൊരു തുക തന്നെ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ക്ഷേത്രക്കമ്മിറ്റി അംഗമായ ചുള്ളിയില്‍ ശിവന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും. ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

Related Articles

Back to top button