സഭയ്ക്കെതിരല്ല, ലക്ഷ്യം ദീപികയുടെ നിലപാട്…. ബിജെപി നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്

തിരുവനന്തപുരം: കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ ബിജെപി നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്. തന്റെ പോരാട്ടം സഭയ്ക്കെതിരല്ലെന്നും മറിച്ച് പത്രമായ ‘ദീപിക’യുടെ നിലപാടുകൾക്കെതിരെയാണെന്നുമാണ് ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽ ഷോൺ ജോർജ് വ്യക്തമാക്കിയത്.
തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം സഭാ മേലധ്യക്ഷന്മാരെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു. എഫ്സിആർഎ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് കോൺഗ്രസ് ആണെന്ന വസ്തുത ഉൾപ്പെടെ സഭയെ ധരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് പിന്നാലെ പി.സി. ജോർജും ഷോൺ ജോർജും നടത്തിയ പ്രസ്താവനകളിൽ സഭ ആദ്യം മൗനം പാലിച്ചിരുന്നു. എന്നാൽ പ്രസ്താവനകൾ പിൻവലിക്കാൻ ഇവർ തയ്യാറാകാത്തതിനെത്തുടർന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ട് വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സഭാ നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് ബിജെപി കോർ കമ്മിറ്റിയിൽ വിശദീകരണം നൽകി പ്രശ്നം തണുപ്പിക്കാൻ ഷോൺ ജോർജ് ശ്രമം തുടങ്ങിയത്. തന്റെ അഭിപ്രായങ്ങൾ പൊതുസമൂഹം ചർച്ച ചെയ്തതായും സഭ അതിൽ മറുപടി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയുമായുള്ള അകൽച്ച ബിജെപിക്ക് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഷോൺ ജോർജിന്റെ ഈ വിശദീകരണം.



