കോഴിക്കോട് സ്വകാര്യ ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു…. ഇരു ബസുകളും കസ്റ്റഡിയിലെടുത്ത് കസബ പോലീസ്

കോഴിക്കോട്: നഗരമധ്യത്തിലെ പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. തർക്കത്തിനൊടുവിൽ ബസിന്റെ ചില്ല് അടിച്ചുതകർത്തു. ഇന്ന് രാവിലെ 7.15-ഓടെയാണ് യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. അക്രമാസക്തരായ ജീവനക്കാരെ നിയന്ത്രിക്കാൻ ഒടുവിൽ പോലീസ് ഇടപെട്ടു.

കോഴിക്കോട് – മുക്കം – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന ‘അസാറോ’, ‘മാധവം’ എന്നീ ബസുകളിലെ ജീവനക്കാരാണ് സ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ ചാത്തമംഗലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയായാണ് പാളയം സ്റ്റാൻഡിൽ വെച്ച് വീണ്ടും സംഘർഷമുണ്ടായത്. വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ മാധവം ബസ്സിന്റെ ചില്ല് അസാറോ ബസിലെ ജീവനക്കാരൻ അടിച്ചുതകർക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് കസബ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സംഘർഷമുണ്ടാക്കിയ അസാറോ, മാധവം എന്നീ രണ്ട് ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മാധവം ബസ് ജീവനക്കാരുടെ പരാതിയിൽ അസാറോ ബസിലെ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തിരക്കേറിയ രാവിലെ തന്നെ ബസ് ജീവനക്കാർ പരസ്യമായി ഏറ്റുമുട്ടിയത് യാത്രക്കാരെയും ഏറെ വലച്ചു.

Related Articles

Back to top button