മാലിന്യ നിക്ഷേപം തടയാൻ വെച്ച സിസിടിവികൾ മോഷ്ടിച്ചു.. മോഷണം പോയത് 7 ക്യാമറകൾ; പിന്നിൽ…

റോഡരികിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനായി സ്ഥാപിച്ച സിസിടിവി ക്യാമറകൾ സാമൂഹിക വിരുദ്ധർ മോഷ്ടിച്ചു. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിന്റെ പരിധിയിലുള്ള ക്യാമറകളാണ് മോഷണം പോയത്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെ റോഡരികിൽ മാലിന്യം തള്ളുന്നത് സ്ഥിരമാണ്. രാത്രി സമയത്ത് കടന്നുപോകുന്ന വാഹനങ്ങൾ ഹോട്ടൽ, അറവുശാല മാലിന്യം ഉൾപ്പടെ ഇവിടെ നിക്ഷേപിക്കുമായിരുന്നു. അതോടെ തെരുവുനായ, കാട്ടുപന്നി ശല്യം രൂക്ഷമായി.
ഗതികെട്ടാണ് മംഗലപുരം പഞ്ചായത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 10 ലക്ഷത്തോളം രൂപ ചെലവിൽ കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകൾക്ക് കണക്ഷൻ നൽകുന്ന ജോലികൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ ഏഴ് ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവർക്ക് ഒരു ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്. മാലിന്യ ലോബിയാണോ സിസിടിവി കവർന്നതെന്നും പഞ്ചായത്തിന് സംശയമുണ്ട്. പഞ്ചായത്ത് നൽകിയ പരാതിയിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.



