ചൂട് സഹിക്കാതെ ടെറസിൽ ഉറക്കം…. താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്… പാരപ്പറ്റില്ലാത്ത കെട്ടിടം വിനയായി

കൊല്ലം: ശാസ്താംകോട്ടയിൽ രാത്രി ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് സമീപത്തെ കെട്ടിടത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ശാസ്താംകോട്ട റവന്യു ടവറിലെ ജിപ്സം പണിക്കായി എത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണ് (30) സാരമായി പരിക്കേറ്റത്. കനത്ത ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു അപകടം.

ഫിൽറ്റർ ഹൗസ് ജംക്‌ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്. പാരപ്പറ്റില്ലാത്ത ടെറസിലായിരുന്നു ഇവർ രാത്രി ഉറങ്ങിയിരുന്നത്. തലപൊട്ടി രക്തം വാർന്ന് ബോധരഹിതനായ നിലയിലായിരുന്നു തംബുരു. അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ താഴെയിറക്കിയത്. രാവിലെ കൂടെയുള്ളവർ ഉണർന്നപ്പോൾ തംബുരുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വീണുകിടക്കുന്നതായി കണ്ടത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, തലയോട്ടിയിലെ ഗുരുതര പൊട്ടൽ കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button