പഴയ പകയും സാമ്പത്തിക തർക്കവും…. 18-കാരന്റെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

മലപ്പുറം: വണ്ടൂർ വാണിയമ്പലത്ത് പച്ചക്കറിക്കട നടത്തുന്ന യുവാവിന് നേരെ ക്രൂരമായ ആക്രമണം. കെ.വി വെജിറ്റബിൾസ് കടയുടമയുടെ മകൻ മുഹമ്മദ് ഫഹദിനാണ് (18) വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ അഞ്ചച്ചവടി സ്വദേശി മിസ്ഹബിനെ (30) വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി കട അടയ്ക്കുന്ന സമയത്താണ് സംഭവം നടന്നത്. നീളമുള്ള കത്തി ഉപയോഗിച്ച് മിസ്ഹബ് ഫഹദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫഹദിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫഹദിന്റെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സാമ്പത്തിക തർക്കവും മുൻവൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഫഹദിന്റെ പിതാവ് മുൻപ് മിസ്ഹബിനെ ഗൾഫിലെ സ്വന്തം കടയിൽ ജോലിക്ക് കൊണ്ടുപോയിരുന്നു. എന്നാൽ പിന്നീട് അവിടെ നിന്ന് ഒഴിവാക്കി. ഇതിൽ മിസ്ഹബിന് കടുത്ത വിരോധമുണ്ടായിരുന്നു. ഗൾഫിൽ പോകാനായി നൽകിയ പണം തിരികെ ആവശ്യപ്പെട്ട് മിസ്ഹബ് മുൻപും കടയിലെത്തി തർക്കമുണ്ടാക്കിയിരുന്നു. ഈ വിഷയത്തിൽ പോലീസ് നേരത്തെ ഇടപെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ മിസ്ഹബിനെ രാത്രി വൈകി അഞ്ചച്ചവടിയിലെ വീടിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. വണ്ടൂർ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button