നിതിൻ രാജിന്റെ മരണം…. മനുഷ്യാവകാശ കമ്മീഷൻ കേസ്….. ജാതിയാധിപത്യ ആരോപണങ്ങൾ അന്വേഷിക്കാൻ നിർദേശം

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ ദുരൂഹ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കുടുംബം ഉയർത്തുന്ന ഗുരുതര ആരോപണങ്ങൾ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശം നൽകി.ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആണ് കണ്ണൂർ സിറ്റി പൊലീസ് മേധാവിയ്ക്ക് നിർദേശം നൽകിയത്. തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയായ ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ, കോളേജിലെ അധ്യാപകൻ ജാതിപറഞ്ഞ് അപമാനിച്ചുവെന്ന ഗുരുതര ആരോപണം പിതാവ് ഉന്നയിച്ചിട്ടുണ്ട്.മകൻ അധ്യാപകരിൽ നിന്ന് കടുത്ത ജാതിയാധിപേക്ഷം നേരിട്ടിരുന്നുവെന്നും, തള്ളിയിട്ട് കൊന്നതാണോയെന്ന സംശയമുണ്ടെന്നും കുടുംബം പറയുന്നു. ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. അധ്യാപകരിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തൽ, അമ്മയെ പരിഹസിക്കൽ, അപമാനകരമായ വിളിപ്പേരുകൾ തുടങ്ങിയ അധിക്ഷേപങ്ങൾ നേരിട്ടതായി കുടുംബം ആരോപിക്കുന്നു. ഈ ദുരനുഭവങ്ങൾ നിതിൻ സഹോദരങ്ങളോടും പങ്കുവെച്ചിരുന്നുവെന്നാണ് വിവരം.കോളേജിൽ റാഗിംഗ് നടന്നുവെന്ന വിവരവും നിതിൻ മുൻപ് കുടുംബത്തെ അറിയിച്ചിരുന്നു. സഹപാഠികളുടെ മുന്നിൽ അപമാനിക്കപ്പെട്ടത് വിദ്യാർത്ഥിയെ മാനസികമായി തളർത്തിയെന്നും കുടുംബം പറയുന്നു.സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളും രംഗത്തെത്തി.



