ശോഭ സുരേന്ദ്രന് കുരുക്ക് മുറുകുന്നു…. പുതിയ വെളിപ്പെടുത്തലുകളുമായി ബിന്ദു വിനയകുമാർ

പാലക്കാട് വോട്ടിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെ ശോഭ സുരേന്ദ്രൻക്കെതിരെ വിവാദം ശക്തമാകുന്നു. കൂടുതൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി നടപടി നേരിട്ട വനിതാ നേതാവ് ബിന്ദു വിനയകുമാർ രംഗത്തെത്തി.ആലപ്പുഴ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തും ശോഭ സുരേന്ദ്രൻ വോട്ടിന് പണം നൽകിയെന്നാണ് ബിന്ദുവിന്റെ ആരോപണം. കൂടാതെ, ശോഭയുടെ ഫോട്ടോഗ്രാഫറായിരുന്ന ജസ്റ്റിൻ എന്നയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, മരണം സമഗ്രമായി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന ബിജെപി നേതൃത്വത്തിന് ശോഭയെ പേടിയാണെന്നും ബിന്ദു വിമർശിച്ചു.ശോഭയ്ക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് ബിന്ദു വിനയകുമാറിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഈ നടപടിയിൽ തനിക്ക് വിഷമമുണ്ടായെന്നും, കഴിഞ്ഞ 30 വർഷമായി പാർട്ടിക്കായി പ്രവർത്തിച്ചുവെന്നും അവർ പറഞ്ഞു. പാർട്ടി കൈവിട്ടാലും ബിജെപിക്കാരിയായി തുടരുമെന്നും, മറ്റൊരു പാർട്ടിയിലേക്കില്ലെന്നും ബിന്ദു വ്യക്തമാക്കി.ജില്ലാ പ്രസിഡന്റ് മുതൽ നരേന്ദ്ര മോദി വരെ പരാതി നൽകിയിട്ടും ശോഭക്കെതിരെ നടപടി ഉണ്ടായില്ലെന്ന് ബിന്ദു ആരോപിച്ചു. കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻ നേരിട്ട അവഗണനയും അവർ ചൂണ്ടിക്കാട്ടി.സംസ്ഥാന നേതൃത്വം ഒന്നും കണ്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, ശോഭ സുരേന്ദ്രനെതിരെ ഉയർന്ന പരാതികളിൽ നടപടി എടുക്കാത്തത് സംശയകരമാണെന്നും ബിന്ദു വിനയകുമാർ കൂട്ടിച്ചേർത്തു.
