മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ചേർത്തുള്ള ചെന്നിത്തലയുടെ എഐ വീഡിയോ, ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എ ഐ വീഡിയോക്കെതിരെ കേസെടുത്തു. ആലപ്പുഴ സൈബർ പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശപ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശം ചേർത്ത് ചെന്നിത്തലയുടെ എ ഐ ദൃശ്യം ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചത്. സോഷ്യൽ മീഡിയയിൽ ഇത് ഉപയോഗിച്ചുള്ള വ്യാജ പ്രചരണം സജീവമായതോടെയാണ് ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വ്യാജ വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വൻതോതിൽ ബി ജെ പി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഭാരതീയ ന്യായ സംഹിതയിലെ 192 -ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



