‘കലാശക്കൊട്ടില്ല, ആ പണം വീടില്ലാത്തവർക്ക്’…. പുതുപ്പള്ളിയിൽ മാതൃകയായി ചാണ്ടി ഉമ്മൻ…. മന്ത്രിമോഹമില്ലെന്നും വെളിപ്പെടുത്തൽ

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ. ആർഭാടങ്ങൾ ഒഴിവാക്കി ആ തുക ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകാൻ വിനിയോഗിക്കാനാണ് ചാണ്ടി ഉമ്മന്റെ തീരുമാനം. നേരത്തെ മണ്ഡലത്തിൽ ഫ്ലക്സുകളും ബാനറുകളും ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.
പ്രവർത്തകർക്ക് വിഷമമാകുമെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുത്തു. വീടില്ലാത്തവരുടെ വേദന എനിക്ക് മനസ്സിലാകും. ആഘോഷങ്ങൾക്കായി ചെലവാക്കുന്ന തുകയിൽ നിന്ന് ഒരു രൂപയെങ്കിലും അവർക്കായി മാറ്റിവെക്കാൻ സാധിച്ചാൽ അത് വലിയ കാര്യമാണ്, ചാണ്ടി ഉമ്മൻ പറഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് മണ്ഡലത്തിൽ 48 വീടുകൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാകുമോ എന്ന ചോദ്യത്തിന്, തനിക്ക് മന്ത്രിമോഹമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എംഎൽഎ പദവി തന്നെ വലിയ ഉത്തരവാദിത്തമാണെന്നും അത് കൊണ്ടുപോകാൻ തന്നെ വലിയ അധ്വാനം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മറിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വ വിവാദത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ജീവിതം പാർട്ടിക്കായി മാറ്റിവെച്ചവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടത്. ഉമ്മൻചാണ്ടിയുടെ പേരിൽ ആരെയും മാറ്റിനിർത്തരുത്. സഹോദരി മത്സരിക്കുന്ന കാര്യം തന്നോടോ പാർട്ടിയോടോ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2021-ൽ പിതാവ് ഉമ്മൻചാണ്ടി തന്നോട് മത്സരിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ഒരു വീട്ടിൽ നിന്ന് ഒരു സമയത്ത് ഒരാൾ മാത്രം മതി എന്നായിരുന്നു പിതാവിന്റെ കർശന നിലപാടെന്നും ചാണ്ടി ഉമ്മൻ അനുസ്മരിച്ചു.



