യുകെ സലിം വധക്കേസ്… ആറ് എസ്ഡിപിഐ പ്രവർത്തകരെയും കോടതി വെറുതെ വിട്ടു… 18 വർഷത്തിന് ശേഷം വിധി

കണ്ണൂർ: തലശ്ശേരി ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യുകെ സലിം വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസിൽ പ്രതികളായിരുന്ന ആറ് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി.

2008 ജൂലൈ 23-നാണ് യുകെ സലിം കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കേസ് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സലിമിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും ഇതിന് പിന്നിൽ സിപിഎം ആണെന്നും സലിമിന്റെ പിതാവ് തന്നെ മുൻപ് ആരോപിച്ചിരുന്നു. വിവാദമായ ഫസൽ വധക്കേസിലെ ചില രഹസ്യങ്ങൾ സലിം പുറത്തുപറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്ന ഗുരുതരമായ ആരോപണവും കുടുംബം ഉന്നയിച്ചിരുന്നു.

നീണ്ട 18 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി വന്നിരിക്കുന്നത്. യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്താണെന്ന സലിമിന്റെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണോ കോടതി വിധിയെന്ന ചർച്ചകൾ ഇതോടെ വീണ്ടും സജീവമാവുകയാണ്.

Related Articles

Back to top button