‘ചായകുടിച്ചിരിക്കുമ്പോൾ ടി എൻ പ്രതാപനും കോൺഗ്രസ് പ്രവർത്തകരും വന്ന് ബഹളംവച്ചു’; കിറ്റ് വിവാദത്തിൽ ദേവൻ

വാടാനപ്പള്ളിയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു എന്നാരോപിച്ച് കോൺഗ്രസ് ഉയർത്തിയ പരാതികൾ തള്ളിക്കളഞ്ഞ് ബിജെപി നേതാവും നടനുമായ ദേവൻ. കോൺഗ്രസ് നിരന്തരം നുണപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ വിശ്രമിക്കാൻ കയറിയപ്പോൾ ഉണ്ടായ സംഭവങ്ങളെ കോൺഗ്രസ് വളച്ചൊടിക്കുകയാണെന്ന് ദേവൻ വ്യക്തമാക്കി.

‘രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണി വരെ നീളുന്ന ചാർട്ട് ചെയ്ത പരിപാടികളാണ് എനിക്കുള്ളത്. വാടാനപ്പള്ളിയിലെ ഒരു കുടുംബയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, യോഗം തുടങ്ങാൻ അരമണിക്കൂർ വൈകുമെന്ന് അറിഞ്ഞു. ആ സമയത്താണ് അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ചായ കുടിക്കാൻ പോകാമെന്ന് തീരുമാനിച്ചത്. അവിടെ ചായ കുടിച്ചിരിക്കുമ്പോഴാണ് ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ എത്തി ബഹളം വച്ചത്’. ദേവൻ പറയുന്നു.

വീടിനോട് ചേർന്നുള്ള ഗോഡൗണിൽ കിറ്റുകൾ പാക്ക് ചെയ്യുന്നുണ്ടായിരുന്നു എന്നത് സത്യമാണെന്നും എന്നാൽ അതിന് തന്റെ സന്ദർശനവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ വീട്ടുകാർക്ക് നാല് മാർജിൻ ഫ്രീ ഔട്ട്‌ലെറ്റുകൾ ഉണ്ടെന്നും അതിന്റെ ഭാഗമായുള്ള സാധാരണ പാക്കിംഗ് മാത്രമാണ് അവിടെ നടന്നതെന്നും ദേവൻ പറഞ്ഞു. താൻ കിറ്റ് വിതരണം ചെയ്യാൻ എത്തിയതാണെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിലെ സജീവ അംഗമായ തന്നെ കോൺഗ്രസ് പ്രവർത്തകർ പിന്തുടരുന്നുണ്ടെന്ന് ദേവൻ ആരോപിച്ചു. ‘കോൺഗ്രസ് ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല. ഞാൻ അവിടെ എത്തിയപ്പോൾ കിറ്റ് വിതരണമാണെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയായിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണ്,’- ദേവൻ പറഞ്ഞു.

Related Articles

Back to top button